Site iconSite icon Janayugom Online

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി: ആര്‍ക്കും വിമര്‍ശിക്കാമെന്ന് സുപ്രീം കോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍— സുപ്രീം കോടതി തീരുമാനങ്ങളെ വിമര്‍ശിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കുന്ന വിധത്തിലുള്ളതായി വിലയിരുത്തനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കിയ ഒന്നാണ്. അത്തരം പരാമര്‍ശങ്ങളെ ക്രിമിനല്‍ കുറ്റമായി വീക്ഷിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജ്വല്‍ ഭൂയന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉചിതമായ തീരുമാനമല്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ജാവേദ് അഹമദ് ഹസം എന്ന വ്യക്തിക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസ് പരിഗണിക്കുകയായിരുന്നു കോടതി. പ്രതിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നും കേസ് തള്ളുന്നതായും കോടതി പറഞ്ഞു.

Eng­lish Sum­ma­ry: Every Cit­i­zen Has Right To Crit­i­cize Any Deci­sion of State: Supreme Court
You may also like this video

Exit mobile version