Site iconSite icon Janayugom Online

എല്ലാവരും സത്യം മാത്രം പറയുന്നു,നുണകൾ പെരുകുന്നു

truetrue

ല്ലാ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും അവരുടെ കൊടിയുടെ നിറം എന്തായിരുന്നാലും “സത്യ“ത്തിന്റെ പേരിലാണിപ്പോൾ പ്രവർത്തിക്കുന്നത്. ഇന്ന് സത്യം ഒരു വ്യാപാര വസ്തുവായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ ഭാഷയിൽ സത്യത്തിന് ഒരു ക്ഷാമവുമില്ല. ജനങ്ങളുടെ സത്യം, വ്യവസ്ഥിതിയുടെ സത്യം, കണക്കുകൾ കൊണ്ട് സത്യം, ഉന്നത സത്യം, അർധസത്യം, വാദങ്ങൾക്കൊണ്ട് സ്ഥാപിച്ചെടുക്കുന്ന സത്യം, സ്തുതിപാഠകരെക്കൊണ്ട് പറയിപ്പിക്കുന്ന സത്യം, നുണയുടെ ശത്രുവാകുന്ന സത്യം, നുണ വിയർത്തു പോകുന്ന സത്യം, അങ്ങനെ പലവിധം. ഈ ചെറുതും വലുതുമായ സത്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന വേറൊരു സത്യമുണ്ട്. അതാണ് ചരിത്ര സത്യം. ആ സത്യം പറയാനുള്ള ധൈര്യം പലർക്കും കുറയുന്നു.
ഇവിടെ മതഭ്രാന്തന്മാരുടെ ഇന്ത്യയിൽ കൂപമണ്ഡൂകങ്ങളുടെ മത്സരം നടന്നുകൊണ്ടിരിക്കുന്നു, സത്യം പറഞ്ഞു ബോധ്യപ്പെടുത്താൻ. കൂപത്തിനപ്പുറത്തേക്കു കാണാൻ തയാറല്ല പലരും. പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞു, “നമ്മുടെ മുകളിൽ കാണുന്ന ഒരാകാശമില്ലെ? ആരുമില്ലാത്ത ആകാശം. ആ ആകാശത്തിന്റെ അവകാശികളായിട്ട് നിങ്ങൾ പറന്നു പോകണം” എന്ന്. ആ ഉപദേശം ഏറ്റവും പ്രസക്തമായ ഘട്ടമാണ് ഇന്ന്.


ഇതുകൂടി വായിക്കൂ: ഉദിച്ചുയരൂ താരകമേ ഉയിരിന്നുണർവേകാൻ


ഭരണകൂടവും സാമൂഹ്യ വ്യവസ്ഥിതിയും തമ്മിലുള്ള അന്തരം ഇന്ന് ജനങ്ങൾ മനസിലാക്കുകയാണ്. തന്നിഷ്ടംപോലെ നടത്തുന്ന പ്രചാരണത്തിനും പവിത്രത നിലനിർത്താനുള്ള ആഗ്രഹത്തിനും യഥാർത്ഥത്തിൽ ഭൂതകാലത്തെയും ചരിത്രത്തെയും മാറ്റിമറിക്കാനാവുമോ? ഇവിടെ ചരിത്രത്തിനും സ്വന്തം വാദമുഖങ്ങളുണ്ട്. പലരും സ്വന്തം തർക്കത്തെ ചരിത്രത്തിന്റെ കാര്യത്തിൽ ബാധകമാക്കി, തോന്നിയതുപോലെ അനന്തര ഫലങ്ങളുണ്ടാക്കി തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തി. നമ്മുടെ രാഷ്ട്ര ചരിത്രത്തിന്റെ നീണ്ട ഇടനാഴിയിലൂടെ മുന്നേറി സ്വാതന്ത്ര്യലബ്ധിവരെയുള്ള തലത്തിലെത്തുന്നതിനിടയിൽ എത്ര തമോഗർത്തങ്ങൾ നമ്മൾ മറികടന്നു.
മുഖങ്ങളുടെയും മുഖംമൂടികളുടെയും രാഷ്ട്രീയം നാടിന്റെയും വോട്ടിന്റെയും ബന്ധത്തിൽ അകപ്പെട്ടു. വോട്ടിന്റെ വില, പല ആനുകൂല്യങ്ങളായി, സാധനങ്ങളുടെ വിതരണമായി. ഇവിടെ ഇന്നും ഉയർന്നവരും താഴ്ന്നവരും നിൽക്കുന്ന പടികൾ വെവ്വേറെയാണ്. ആ സത്യം ആരും കാണില്ല. കരുത്തരും ദുർബലരും അകന്നു നിൽക്കുന്നു. ആ സത്യം നിലനിൽക്കുമ്പോഴും പല ഭാഗത്തു നിന്നും സ്വന്തം സത്യം പ്രവഹിക്കുന്നു.

ഇന്ന് ഭരണാധികാരത്തിന്റെ കുതിരപ്പുറത്ത് കയറി പൊതുജനത്തിന്റെ സർഗാത്മക പ്രവർത്തനത്തിനെ പോലും തല്ലിയുടയ്ക്കാൻ സാധിക്കുന്ന തരത്തിൽ ആഢംബരത്തിലൂടെ സ്വേച്ഛാധിപത്യത്തിന്റെ കരാള മുഷ്ടികൾ ഉയർന്നുവരികയാണിവിടെ. ഇതും സത്യമാണ്. പക്ഷെ അതു പറയുന്നവരെ പച്ചനുണകൾകൊണ്ട് എതിർക്കുന്നു. ഇന്ന് രാഷ്ട്രീയ സാമൂഹ്യ കക്ഷികളുടെ, മത സംഘടനകളുടെ തുച്ഛ താല്പര്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന സ്ഥൈര്യത്തിന്റെ ഭാവശൃംഖല തകർത്തു കഴിഞ്ഞിരിക്കുന്നു എന്നതും സത്യമാണ്. “ജാതിയും മതവും വർണവും അല്ല മനുഷ്യനാണ് പ്രധാനം. മനുഷ്യാണാം മനുഷ്യത്വം ജാതി” ‑ഈ സത്യങ്ങൾ പറയാൻ വളരെ കുറച്ചു പേരെ ഉള്ളു. നുണകളുടെ ആധിപത്യം തുടരുന്നു.
സത്യത്തിൽനിന്നകന്നുപോയ കാലം എന്ന് വിശാലമായ അർത്ഥത്തിൽ സത്യാനന്തര കാലത്തെ വിശേഷിപ്പിക്കാറുണ്ട്. അസത്യം പ്രചരിപ്പിച്ചുകൊണ്ട് അധികാരത്തിലെത്തുന്ന പ്രവണതയെ കുറിക്കാനാണ് ഈ സംപ്രത്യയം ഉപയോഗിക്കുന്നത്. പെരും നുണകൾ സത്യമാകുന്ന കാലത്താണ് നമ്മുടെ ജീവിതം. ഇവിടെ ഇന്ന് സത്യം എന്നത് പ്രതീത ലോകത്തെ സത്യം മാത്രമാകുന്നു. യുവാൽ നോവ ഹരാരി പറയും, കെട്ടുകഥകൾ മെനയാനും അനേകരെ അത് വിശ്വസിപ്പിക്കാനും മനുഷ്യനു മാത്രമെ കഴിയൂ എന്ന്. ഇന്ന് സത്യാനന്തര കാലത്ത് കെട്ടിച്ചമക്കപ്പെടുന്ന കഥകൾ, വാർത്തകൾ, മനുഷ്യന്റെ ജീവിതത്തെ പോലും പ്രതിസന്ധിയിലാക്കുന്നു.


ഇതുകൂടി വായിക്കൂ: ആർ എസ് എസ് എന്ന നുണ ഫാക്ടറി


സാമുദായിക ശക്തികൾ വളരുന്നു, നവോത്ഥാന ആശയങ്ങൾ പടർന്നു പന്തലിച്ച നാട്ടിൽ. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരെ ഉപയോഗിച്ചു. ഫലമോ, സാമുദായികത്വം വളർന്നു. സ്വാഭാവികമായും വൈപരീത്യങ്ങൾക്കും കാപട്യങ്ങൾക്കും വഴിവയ്ക്കുന്ന പരിസ്ഥിതികൾ സംജാതമായി എത്രയോ തവണ. സത്യമവിടെ എത്തിനിൽക്കുന്നു, നുണകളുടെ കുത്തൊഴുക്കിൽ. ഇന്ന് എന്തു പറഞ്ഞാലും പ്രവർത്തിച്ചാലും ലേബലൊട്ടിക്കും. അധികാരം ആർക്കുവേണമെന്നുള്ള പ്രശ്നമാണ് അതിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞാൽ മുദ്ര ചാർത്തപ്പെടും അത് അനഭിമത രാഷ്ട്രീയം ആയി മാറും പ്രസ്ഥാനങ്ങളിലും ‚സമൂഹത്തിലും. അത് ഒരു സത്യമാണ്. പക്ഷെ അതു യഥാർത്ഥ സത്യത്തിൽ നിന്ന് അകലെ. സ്വാതന്ത്ര്യം എന്ന് നെറ്റിയിൽ ഒട്ടിച്ചുവച്ച് സങ്കുചിതത്വത്തിന്റെ ഗുഹാന്തരങ്ങളിലേക്ക് പോകുന്നത് ദേശീയ വഞ്ചനയാണ് എന്നതാണ് സത്യം. പക്ഷെ ആരും അത് സത്യമായി കാണുന്നില്ല. ഇവിടെ ഭരണകർത്താക്കൾ, ഫാസിസ്റ്റുകൾ, പാരതന്ത്ര്യത്തിന്റെ പാതാളത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. അതും സത്യം. പക്ഷെ നുണകൾക്കൊണ്ട് സത്യം മൂടപ്പെടുന്നു.
ഇവിടെ സവർണമേൽക്കോയ്മയുടെ അടിസ്ഥാനത്തിലാണ് ബഹുഭൂരിഭാഗവും പ്രവർത്തിക്കുന്നത്. ജാതി വ്യവസ്ഥ യാദൃച്ഛികമായി ആവിർഭവിച്ചതല്ല. ബോധപൂർവമായ ശ്രമത്തിലൂടെ കെട്ടിയുയർത്തിയതാണ്. അത് താനെ ഇല്ലാതാകുകയില്ല. ബോധപൂർവമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയതല ശ്രമങ്ങളിലൂടെ മാത്രമെ അതിനെ ഇല്ലാതാക്കാനാകൂ. ഇത് കണ്ടില്ല എന്ന് പലരും നടിക്കുന്നു. മുന്നിൽ നിരത്തിവച്ചിരിക്കുന്ന പല ആദർശങ്ങളും പൊള്ളയായി തീരുന്ന സത്യം നാം കാണുന്നു. പ്രതിസന്ധിയുടെ മതിലിൽ തട്ടി ജനത വീഴുമ്പോൾ, സത്യം പറഞ്ഞ് പ്രതിരോധിക്കാൻ വലിയ ഒരു ജനതതി തയാറാവുന്നില്ല. കാരണം പലരും നേരത്തെ യജമാനന്മാരുടെ മുന്നിൽ കിടന്നവരാണ്. ബഹുഭൂരിഭാഗവും ഫാസിസ്റ്റ് മൂലധനശക്തികളുടെ മുന്നിൽ സാഷ്ടാംഗം വീഴുന്ന അടിമകളായി മാറുന്നു. ഈ സത്യവും പലരും പറയുന്നില്ല എന്ന് മാത്രമല്ല, അത് വികൃതമായി വളച്ചൊടിക്കപ്പെടുന്നു.

ഫാസിസ്റ്റുകൾ അവർ പറയുന്ന “സത്യം തന്നെ സത്യം” എന്ന് കൊട്ടിഘോഷിക്കുന്നു. ഇന്ന് വാക്കുകൾക്ക് തന്നെ അർത്ഥം നഷ്ടപ്പെടുന്നു. സർവം ലാഭമയം. ഏവരും ഡീലേഴ്സ് ആകുന്നു. ലീഡേഴ്സിന്റെ ദൗർലബ്യം അനുഭവപ്പെടുന്നു. ഇന്ന് മാനവരാശി ചിന്തകളുടെ അനഭിലഷണീയമായ പതനത്തിലേക്കാണ് നീങ്ങുന്നത്. ശാന്തി, സദ്ഭാവം, അഹിംസ, മാനവീയം എന്നിവയുടെ ഉപദേശങ്ങളെ കൊണ്ട് ഒന്നും കാര്യമില്ല എന്ന് പലരും കരുതുന്നുണ്ടോ എന്നത് സത്യമല്ലെ. പഴയ കാലത്ത് ഉണ്ടായിരുന്ന ക്രൂരത, വിദ്വേഷം, അവയുടെ തനതു രൂപത്തിൽ ഇന്നത്തെ മനുഷ്യന്റെ മനസിൽ പടർന്നു പന്തലിക്കുന്നു എന്ന് പല സംഭവങ്ങളും നമ്മോടു പറയുന്നു.


ഇതുകൂടി വായിക്കൂ: ഗാന്ധിസ്മരണയില്‍ നടന്ന ചവിട്ടുനാടകങ്ങള്‍


ഇന്ന് ക്രിയാത്മകമായ ആശയ വിനിമയം തീരെ കുറവാണ്. മനുഷ്യനിൽ സംവേദനാശീലത്തിന്റെ രാഗാത്മകത ഇല്ലാതായാൽ മനുഷ്യ സമൂഹം ഇനിയും ക്ഷയിച്ചു പോകും. ഈ സത്യം പറയാതെ നുണകൾ പറയുന്നു. ഇന്നു കൃത്രിമത്വത്തിലും നാടകീയതയിലും ഊന്നി നിൽക്കുന്ന മനുഷ്യൻ പരവഞ്ചന മാത്രമല്ല, ആത്മവഞ്ചനയും നടത്തുന്നു. ജീവിതത്തിലെ നഗ്ന സത്യത്തെ നേരിടാനുള്ള തന്റേടം പലർക്കും ഇല്ല. അപ്പോൾ ഫലം, നുണകളുടെ മഹാപ്രവാഹം. എന്തുമാവാം ആർക്കും. അതിൽ അത്ഭുതമോ, ദു:ഖമോ, പ്രതിഷേധമോ ആർക്കും ഇല്ല. എല്ലാവരും കൂടി ചേർന്ന് ഒരു പോലെ അസത്യത്തിൽ മുഴുകി രസിക്കുന്നു, രമിക്കുന്നു. ഇനി തിരിച്ചു പോകുക സാധ്യമാണോ? ഭ്രമാത്മകമായ ഒരന്തരീക്ഷം ചുറ്റും വളരുന്നു. അങ്ങനെ വളരുമ്പോൾ, അതല്ലാത്ത ഒരന്തരീക്ഷത്തിൽ, ചില വ്യക്തതകൾ ഉണ്ടായിരുന്ന ഒരന്തരീക്ഷത്തിൽ പരിചയിച്ചവർക്ക്, ആദ്യം ഞെട്ടലും അമ്പരപ്പും ഉണ്ടാകുമായിരുന്നു. ആദ്യം പ്രതിഷേധിക്കാൻ ആവേശമുണ്ടായി. പിന്നെ കാലക്രമത്തിൽ അതെല്ലാം ശമിച്ച് കാലത്തിന്റെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു. ഒന്നുമില്ലാത്തവൻ, ശബ്ദമില്ലാതെ, ഞെരിഞ്ഞമർന്ന്, ഒതുങ്ങുന്നു, അപ്രത്യക്ഷനാകുന്നു. ഒരു നഗ്ന സത്യമാണത്.

പക്ഷെ ആരാണ് ഇവിടെ ഇതിനെതിരെ പ്രതികരിക്കേണ്ടത്? ജനങ്ങൾ തന്നെ. ഏതൊരു സമൂഹത്തിലും അധികാര വർഗത്തിന്റെ ചുമതലകളിലൊന്ന് മനുഷ്യാവകാശ സംരക്ഷണമാണ്. മനുഷ്യർ തുല്യരാണെന്ന് എല്ലാ ജനാധിപത്യ സമൂഹങ്ങളും താത്വികമായി അംഗീകരിക്കുന്നു. അതേസമയം മനുഷ്യാവകാശ ധ്വംസനം ഉണ്ടാകുന്നതും പ്രധാനമായും അധികാരി വർഗത്തിൽ നിന്നുതന്നെ. അധികാരി വർഗം അപഥ സഞ്ചാരം നടത്തുന്നത് തടയാൻ കഴിവുള്ള ശക്തി മനുഷ്യരാണ് എന്നതാണ് ഏറ്റവും വലിയ സത്യം. മേലാളന്മാർ പറയുന്ന “സത്യം മാത്രമാണ് സത്യം” എന്ന ചിന്ത തിരുത്തിയേ മതിയാകൂ. അക്രമവും അനീതിയും കാട്ടി, അത് ന്യായീകരിക്കാൻ നുണകൾ പറയുകയും ആ നുണകളെ സത്യമായി ഉറപ്പിക്കുകയും ചെയ്യുന്ന നടപടികളെ ഉടനടി ചോദ്യം ചെയ്യാൻ തയാറുള്ള പൗരസമൂഹമുണ്ടെന്ന് അധികാരി വർഗത്തെ എപ്പോഴും മനസിലാക്കിക്കൊടുക്കണം. മനുഷ്യാവകാശങ്ങളുടെ ചരിത്രം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഒരു വസ്തുത വ്യക്തമാകും.
ഒരു പ്രശ്നത്തിനു പരിഹാരം കാണുമ്പോൾ മറ്റൊന്നു ഉയർന്നു വരും എന്നതാണ് അത്. ഓരോ പുതിയ സംവിധാനവും നന്മയോടൊപ്പം തിന്മയും പ്രദാനം ചെയ്യുന്നു. ആ തിന്മയെ പ്രതിരോധിക്കണം. ഇച്ഛാശക്തിയുള്ള ജനതതിക്ക് അത് സാധ്യമാകും. യഥാർത്ഥ സത്യത്തിന്റെ പ്രതീകമാണ് ജനതതിയുടെ നിനക്കു വേണ്ടിയുള്ള പോരാട്ടം. അതാണ് ഈ കാലത്തെ ആവശ്യകത.

Exit mobile version