പാതിരപ്പള്ളി എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ ടി യു സി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കളക്ടറേറ്റിന് മുന്നിൽ രാവിലെ ആരംഭിച്ചസമരം എഐടിയുസി ദേശിയ സമിതി അംഗം പി വി സത്യനേശൻ ഉദ്ഘാടനം ചെയ്തു. വ്യവസായത്തിന് അനുയോജ്യമായ സ്ഥലം എന്ന നിലയിലും തൊഴിലാളികളുടെ സംരക്ഷണം മുൻ നിർത്തിയും വിവിധ ഇനങ്ങളിലൂടെ സർക്കാരിന് ലഭിക്കുവാനുള്ള പണം ഈടാക്കുവാനും സർക്കാർ സ്ഥാപനം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാറി മാറി വന്ന സർക്കാരുകൾ സ്ഥാപനം ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവയെല്ലാം ജലരേഖയായി. സംസ്ഥാന സർക്കാരിന്റെ ദയാ ദാക്ഷിണ്യം പ്രതീക്ഷിച്ച തൊഴിലാളികൾ പ്രതിസന്ധിയിലായി. അറുനൂറിൽപരം തൊഴിലാളികൾ പ്രത്യക്ഷമായും ആയിരത്തിലേറെ തൊഴിലാളികൾ പരോക്ഷമായും തൊഴിൽ ചെയ്തിരുന്ന സ്ഥാപനം ഇപ്പോൾ എൻസിഎൽടി കോടതിയുടെ നിർദ്ദേശപ്രകാരം ലേല നടപടിയെ അഭിമുഖീകരിക്കുകയാണ്. ഇരുനൂറ് കോടിയിൽ അധികം വിലയുള്ള വസ്തുവകകളും യന്ത്ര സാമഗ്രികളും പകുതിയിൽ പോലും തുകക്ക് ലേലം പോകാത്തത് മാനേജ്‍മെന്റിന്റെ അദൃശ്യകരമായ ഇടപെടൽ മൂലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം പകൽ കൊള്ളക്ക് മൗനാനുവാദം കൊടുക്കാതെ സർക്കാർ ഇടപെട്ട് സ്ഥാപനം ഏറ്റെടുക്കുകയാണ് വേണ്ടത്. എൽ ഡി എഫിന്റെ പ്രഖ്യാപിത നിലപാട് നടപ്പാക്കുന്നതിൽ സർക്കാരും വ്യവസായ വകുപ്പും തുടരുന്ന മൗനം പ്രതിഷേധാർഹവും സംശയം ജനിപ്പിക്കുന്നതുമാണ്. ഈ വിഷയത്തിൽ നടക്കുന്ന ജനാധിപത്യ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് എൽ ഡി എഫ് സർക്കാരിന് ഭൂഷണമല്ലെന്നും സത്യനേശൻ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ പി യു അബ്ദുൾ കലാം അധ്യക്ഷത വഹിച്ചു. കൺവീനർ ആർ ശശിയപ്പൻ സ്വാഗതം പറഞ്ഞു. ജി കൃഷ്ണപ്രസാദ്, വി മോഹൻദാസ്, ഡി പി മധു, ആർ അനിൽകുമാർ, എ എം ഷിറാസ്, വി പി ചിദംബരൻ, ടി പി ഷാജി, ബി നസീർ, പി ജി രാധാകൃഷ്ണൻ, കെ എൽ ബെന്നി, എന്നിവർ പ്രസംഗിച്ചു.