Site iconSite icon Janayugom Online

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വർധിപ്പിച്ചു; ചില്ലറ വില്പനയെ ബാധിക്കില്ലെന്ന് വിശദീകരണം

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. ചില്ലറ വില്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാർ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളിൽ നിന്ന് ഈടാക്കും.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടായിരുന്നു. തുടർന്ന് ഇന്ത്യയിൽ ഇന്ധനവില കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത്.

 

എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാല്‍ മാത്രമാണ് ഇത് ചില്ലറ വിൽപ്പനയെ ബാധിക്കാത്തത്. എന്നാല്‍, ഈ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വന്നാല്‍ അത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കും. അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാല്‍ സ്വാഭാവികമായി പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാല്‍, കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ എക്സൈസ് ഡ്യുട്ടി കൂട്ടിയതിനാല്‍ ആ കുറവ് ജനങ്ങൾക്ക് ലഭിക്കില്ല.

Exit mobile version