Site icon Janayugom Online

നാലുമാസംകൊണ്ട് പെട്രോള്‍ , ഡീസല്‍ എക്സൈസ് തീരുവ ഒരു ലക്ഷം കോടി ; മുന്‍വര്‍ഷത്തേക്കാള്‍ 48 ശതമാനം വര്‍ധന

സാമ്പത്തിക വര്‍ഷത്തെ ആദ്യ നാല് മാസം കൊണ്ടുമാത്രം പിരിച്ചെടുത്ത എക്സൈസ് തീരുവ ഓയില്‍ ബോണ്ട് ബാധ്യതയുടെ മൂന്നിരട്ടി. രാജ്യത്ത് എണ്ണവില കുറയാത്തതിന്റെ കാരണം മുന്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓയില്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്പിക്കുമ്പോഴാണ് യഥാര്‍ത്ഥ കണക്കുകള്‍ മറ്റൊരു ചിത്രം വെളിപ്പെടുത്തുന്നത്.

2021 ഏപ്രില്‍-ജൂലൈ കാലയളവില്‍ ഒരു ലക്ഷം കോടിയിലധികം ഇന്ധനങ്ങള്‍ക്ക് മേലുള്ള എക്സൈസ് തീരുവയിനത്തില്‍ കേന്ദ്രസര്‍ക്കാരിന് വരുമാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 67,895 കോടിയായിരുന്നു വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനത്തിന്റെ വര്‍ധനയാണ് 2021–22 സാമ്പത്തിക വര്‍ഷം ഉണ്ടായതെന്നും ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ തെളിയിക്കുന്നു.
മുൻ യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധന വില കുറയ്ക്കാനായി നൽകിയ 1. 34 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടുകൾ വൻ ബാധ്യതയാണെന്നും അതിനാൽ എക്‌സൈസ് തീരുവ കുറയ്ക്കാനാകില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ വാദം. ധനമന്ത്രി നിർമ്മലാ സീതാരാമൻ, പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവര്‍ അടുത്തിടെ ഓയില്‍ ബോണ്ട് വാദങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ വാക്കുകള്‍ വെറും കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഓയില്‍ ബോണ്ട് തിരിച്ചടവുമായി ബന്ധപ്പെട്ട കണക്കുകള്‍.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പതിനായിരം കോടിയാണ് ഓയില്‍ ബോണ്ട് തിരിച്ചടവ് വേണ്ടിവരുന്നത്.

 


ഇതും കൂടി വായിക്കൂ ; തുടർച്ചയായ ആറാം ദിവസവും മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില


 

നാലുമാസംകൊണ്ട് നേടിയ അധികവരുമാനമായ 32,460 കോടി ഇതിന്റെ മൂന്നിരട്ടി വരും. 2023–24 സാമ്പത്തിക വര്‍ഷത്തില്‍ 31,150 കോടി തിരിച്ചടയ്ക്കണം. 24–25 സാമ്പത്തിക വര്‍ഷത്തില്‍ 52,860.17 കോടിയും 25–26 സാമ്പത്തിക വര്‍ഷത്തില്‍ 36,913 കോടിയും തിരിച്ചടയ്ക്കണമെന്നാണ് കണക്കുകള്‍. ഇതുവരെ തിരിച്ചടയ്ക്കാത്ത തുകയുടെ പേരിലാണ് ഇന്ധനവിലക്കയറ്റത്തെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. പലിശയിനത്തില്‍ 3500 കോടി മാത്രമാണ് ഓയില്‍ ബോണ്ട് ഇനത്തില്‍ മോഡി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചിട്ടുള്ളത്.
2020–21 സാമ്പത്തിക വര്‍ഷം എക്സൈസ് തീരുവയിലൂടെ 3.35 ലക്ഷം കോടിയെന്ന റെക്കോഡ് വരുമാനം കേന്ദ്രസര്‍ക്കാര്‍ നേടിയെന്നാണ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍. മുന്‍ സാമ്പത്തിക വര്‍ഷത്തെ 1.78 ലക്ഷം കോടിയെ അപേക്ഷിച്ച് 88 ശതമാനം വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്. ഇത്തവണ ഒരു ലക്ഷം കോടിയുടെ അധികവരുമാനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തീരുവ കുറയ്ക്കാന്‍ തയ്യാറാകാതെ വന്നതോടെ രാജ്യത്തിന്റെ പല മേഖലകളിലും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് നൂറുരൂപയ്ക്ക് മുകളില്‍ തുടരുകയാണ്.

Eng­lish sum­ma­ry; Excise on petrol and diesel ris­es to Rs 1 lakh crore in four months

You may also like this video;

Exit mobile version