Site iconSite icon Janayugom Online

ഏജന്റിന്റെ ചതിയിലകപ്പെട്ട പ്രവാസി മലയാളി വനിതകള്‍ നാട്ടിലെത്താന്‍ സഹായം തേടുന്നു

മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് അജ്മാനിലെത്തിച്ച രണ്ട് മലയാളി വനിതകള്‍ തിരികെ നാട്ടിലെത്താന്‍ സഹായം തേ
ടുന്നു. ഏജന്റ് മുഖേനയാണ് ഇവര്‍ വിദേശത്തെത്തിയത്. പാലാ, പെരുമ്പാവൂര്‍ സ്വദേശികളായ ഇവരെ അജ്മാനിലെത്തിയ ശേഷം ജോലിയൊ ശമ്പളമോ നല്‍കാതെ ഒരു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മാന്‍പവര്‍ സപ്ലൈ കമ്പനി നടത്തുന്ന സുജ,സന്തോഷ് എന്നിവര്‍ ഇരുവരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവരില്‍ നിന്നും രക്ഷപ്പെട്ട് പുറത്ത് വന്ന സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് സര്‍ട്ടിഫിക്കറ്റുകളോ എടുത്ത് കൊണ്ട് വരാന്‍ കഴിഞ്ഞില്ല. അതിനാല്‍ത്തന്നെ നാട്ടിലെത്താന്‍ കഴിയാതെ മണലാരണ്യത്തില്‍ അകപ്പെട്ട് കിടക്കുകയാണ് ഇവര്‍. ഒരു താലക്കാലിക അഭയകേന്ദ്രം കണ്ടെത്തിയ ഇവരെ പൊതുമാപ്പിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലൈല അബൂബക്കര്‍ എന്ന സാമൂഹിക പ്രവര്‍ത്തക.

ഇവരെക്കൂടാതെ പുറത്ത് കടക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന മറ്റ് 8 മലയാളി വനിതകള്‍ കൂടി സുജയുടെയും സന്തോഷിന്റെയും തടവിലുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കുടുംബ പ്രാരാബ്ദം മൂലം ജോലിക്കായി വിദേശത്തേക്ക് വന്നവരാണ് ഭൂരിഭാഗവും. നോര്‍ക്കയും ഇന്ത്യന്‍ കോണ്‍സുലേറ്റും സംഭവത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

Exit mobile version