Site iconSite icon Janayugom Online

പ്രവാസിയെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പിടിയിൽ

പ്രവാസിയെ വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. സൗദിയിൽ നിന്ന് നാട്ടിലെത്തിയ അഗളി സ്വദേശി അബ്ദുൾ ജലീൽ(42) കൊല്ലപ്പെട്ട കേസില്‍ ആക്കപ്പറമ്പ് കാര്യമാട് മാറുകര വീട്ടിൽ യഹിയ(35) ആണ് അറസ്റ്റിലായത്. ജലീലിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി പെരിന്തൽമണ്ണ, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആക്കപ്പറമ്പ് രഹസ്യ കേന്ദ്രത്തിൽ നിന്നുമാണ് യഹിയയെ പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

സൗദിയിൽ നിന്നും നാട്ടിലേക്ക് സ്വർണ കള്ളക്കടത്ത് നടത്തുന്ന യഹിയയുടെ പാർട്ണർമാർ നാട്ടിലേക്ക് വന്ന ജലീലിന്റെ കൈവശം കൊടുത്തുവിട്ടതായി പറയുന്ന 1.2 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടതിന്റെ പേരിലായിരുന്നു കൊലപാതകം. ആദ്യം പെരിന്തൽമണ്ണ ജൂബിലിയിലെ ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചു. ശേഷം ആക്കപ്പറമ്പ് ഗ്രൗണ്ടിലും റബ്ബർതോട്ടത്തിലും പിന്നീട് മാനത്തുമംഗലത്ത് രഹസ്യ കേന്ദ്രത്തിലും കൊണ്ടുവന്ന് കെട്ടിയിട്ട് കേബിൾ, ജാക്കിലിവർ എന്നിവയുപയോഗിച്ചാണ് മർദ്ദിച്ചത്. 

കൂടുതൽ പരിക്കേല്പിച്ച സമയത്ത് ബോധം നഷ്ടപ്പെടാതിരിക്കാൻ ഗ്ലൂക്കോസും മറ്റും കൊടുത്തിരുന്നു. ഈ കേസിൽ നേരത്തേ അറസ്റ്റ് ചെയ്ത മണികണ്ഠൻ, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുൾ അലി, അൽത്താഫ് എന്നിവർ യഹിയയുടെ കൂടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. 15ന് രാവിലെ റോഡിൽ വീണുകിടക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് ജലീലിനെ കാറിൽ പെരിന്തൽമണ്ണയിലെ സ്വകാര്യഹോസ്പിറ്റലിൽ എത്തിച്ച് രക്ഷപ്പെടുന്നത്. തുടർന്ന് മൊബൈലും സിം കാർഡും ഒഴിവാക്കി മുങ്ങിയ യഹിയ ഉണ്ണ്യാൽ, പാണ്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിൽ ആൽത്താമസമില്ലാത്ത പ്രദേശങ്ങളിലെ പഴയ കെട്ടിടങ്ങളിലും മറ്റും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. 

Eng­lish summary;Expatriate mur­der case; The main accused has been arrested

You may also like this video;

Exit mobile version