Site icon Janayugom Online

സാമ്പത്തിക വളർച്ച അവകാശപ്പെടുമ്പോഴും ഭാവി ആശങ്കാജനകം

കോവിഡാനന്തരം രാജ്യത്തെ വളർച്ച നേടിയെന്ന് അവകാശപ്പെടുമ്പോഴും സമ്പദ്ഘടനയുടെ ഭാവി ആശങ്കാജനകമെന്ന് വിദഗ്ദർ. വിലക്കയറ്റവും പണപ്പെരുപ്പവും ഉയർന്നനിലയിലെത്തിയതാണ് ഉല്പാദന സേവന രംഗങ്ങളിൽ പുനരുജ്ജീവനമുണ്ടായിട്ടും നീണ്ടകാലയളവിലേക്കുള്ള ശുഭാപ്തിവിശ്വാസം ഇല്ലാതാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വർദ്ധിച്ചുവരുന്ന വില സമ്മർദ്ദവും പണപ്പെരുപ്പവുമാണ് ഇതിന്റെ പ്രധാനകാരണം. 

അനലിറ്റിക്സ് സ്ഥാപനമായ ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ സമാഹരിച്ച കണക്കുകൾ പ്രകാരം ഒക്ടോബറിൽ, ഉൽപ്പാദന‑സേവന മേഖലകളുടെ സാമ്പത്തിക വളർച്ചാ സൂചകമായ സമ്മിശ്ര വാങ്ങൽ ശേഷി (കോമ്പോസിറ്റ് പർച്ചേസിംഗ് മാനേജർ)സൂചിക 58.7 ആയി ഉയർന്നു. മുന്‍മാസം ഇത് സെപ്റ്റംബറിലെ 55.3 ആയിരുന്നു. 2012 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വളർച്ചയാണിത്. 50 ‑ന് മുകളിലുള്ള നിരക്ക് സാമ്പത്തിക പ്രവർത്തനത്തിലെ വികാസത്തെ സൂചിപ്പിക്കുന്നു. അതോടൊപ്പം രാജ്യത്തെ സേവനമേഖല ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തി. ഒക്ടോബറിൽ 53.7 ൽ നിന്ന് 55.9 ആയി ഉയർന്നു. എന്നാൽ അസംസ്കൃത വസ്തുക്കളുടെ വിലയിൽ കുത്തനെയുള്ള വർധന ഉപഭോക്താക്കളിലേക്ക് താങ്ങാനാകാത്തവിധം എത്തുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

നിർമ്മാണ ചെലവുകൾ വർദ്ധിക്കുന്നതിലും കമ്പനികൾ ആശങ്കാകുലരാണ്. ഉല്പാദന ചെലവിൽ തുടർച്ചയായ പതിനാറാം മാസത്തെ വർധനവാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. നാണയപ്പെരുപ്പ നിരക്ക് ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാവുകയും ദീർഘകാല ശരാശരിയെ മറികടക്കുകയും ചെയ്തു. ഭക്ഷ്യ എണ്ണകൾ, ഇന്ധനം, ദ്രവീകൃത പെട്രോളിയം വാതകം, മരുന്ന് എന്നിവയുടെ ഉയർന്ന വിലയും ഇന്ത്യയുടെ ഉപഭോക്തൃ വിലകളെ ഗണ്യമായി സ്വാധീനിക്കുന്നു. സെപ്റ്റംബറിൽ പണപ്പെരുപ്പം 4.35 ശതമാനമായി കുറഞ്ഞെങ്കിലും വരും മാസങ്ങളിൽ ഇത് ആശങ്കാജനകമായി ഉയരുമെന്നാണ് നിഗമനം. ഊർജ ദൗർലഭ്യവും അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും ഇതിനകം തന്നെ ഉല്പാദനത്തെയും ഉല്പന്നങ്ങളുടെ വിലയെയും ബാധിക്കുന്നു. അതിനാൽ ഡിസംബറിനപ്പുറം കുറഞ്ഞ വിലയുടെ ആശ്വാസം നിലനിൽക്കില്ലെന്നും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സാമ്പത്തിക വിദഗ്ധൻ സാക്ഷി ഗുപ്ത സൂചിപ്പിക്കുന്നു.
eng­lish summary;Experts say the future of the struc­tur­al econ­o­my is in cri­sis stage
you may also like this video;

Exit mobile version