Site iconSite icon Janayugom Online

കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; മനാഫിനെതിരെ അർജുന്റെ കുടുംബം

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അർജുന്റെ കുടുംബം . കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്ന മനാഫ് അതെല്ലാം മാര്‍ക്കറ്റ് ചെയ്യുകയാണ്. ഇതിന്റെ പേരിൽ ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. ഇനിയും അത് തുടരരുത്. തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കും. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. കുടുംബത്തിനായി പല കോണുകളില്‍ നിന്നും പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ആ പണം ആവശ്യമില്ലെന്നും അര്‍ജുന്റെ പിതാവ് പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരി ഭർത്താവ് ജിതിൻ , സഹോദരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണ്. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്തടിസ്ഥാനത്തിലാണ് മനാഫ് പറയുന്നത്. മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നടത്തിയത് നാടക പരമ്പരയാണ്. അവരുടെ യുട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാന്‍ നാടകം കളിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. എസ് പിയും എംഎല്‍എയും മനാഫിനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഡ്രഡ്ജര്‍ എത്തിച്ചതിന്റെ ആദ്യത്തെ രണ്ട് ദിവസം മാല്‍പെയെ കേന്ദ്രീകരിച്ച് നടത്തിയതോടെ ആ ദിവസങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടമായി. തുടര്‍ന്ന് അവിടത്തെ എസ് പിക്കും എംഎല്‍എയ്ക്കും കാര്യം മനസിലായി. അത് ഞങ്ങളുമായി ചര്‍ച്ച ചെയ്തു. ഈശ്വര്‍ മാല്‍പെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തെരച്ചിലില്‍ നടത്തിയ കാര്യങ്ങള്‍ പറഞ്ഞിരുന്നത്. അപ്പോഴാണ് പൊലീസ് അതില്‍ ഇടപെട്ടത്. തെരച്ചിലില്‍ ലഭിക്കുന്ന വിവരം ആദ്യം അറിയിക്കേണ്ടത് പൊലീസിനെയാണെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഷിരൂരില്‍ നടക്കുന്ന കാര്യങ്ങള്‍ യൂട്യൂബിലൂടെ കാണിച്ച് വ്യൂസ് കൂട്ടാനാണ് ഇരുവരും ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു .

Exit mobile version