Site iconSite icon Janayugom Online

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ സ്ഫോടനം ; പൊട്ടിത്തെറിച്ചത് ലൈറ്റ് ബോംബുകൾ

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ‌ നെതന്യാഹുവിന്റെ വസതിയിൽ സ്ഫോടനം. പൊട്ടിത്തെറിച്ചത് സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകളാണ് .നെതന്യാഹുവിന്റെ സ്വകാര്യ വസതിയിലായിരുന്നു സംഭവം. സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്ഫോടനശേഷി കുറഞ്ഞ ബോംബുകൾ വീടിന്റെ മുറ്റത്തായാണ് പതിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

 

ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാൻ നിർദേശം നൽ‌കിയതായും അദ്ദേഹം എക്സിൽ കുറിച്ചു. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വസതിക്കു നേരെ ഒക്ടോബർ 19ന് ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

 

ടെൽ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. നെതന്യാഹുവും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരാൾ കൊല്ലപ്പെട്ടു. വസതിക്കു നാശനഷ്ടം ഉണ്ടായി. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറിൽ ബെൻ ഗൂരിയൻ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം നടന്നിരുന്നു.

Exit mobile version