നാടൻബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 17 വയസുകാരൻ ഉൾപ്പെടെ നാല് യുവാക്കൾക്ക് പരിക്ക്. നെടുമങ്ങാട് സ്വദേശിയായ പതിനേഴുകാരൻ, കൊല്ലംകോട് പന്നിയോട്ടുകോണം സ്വദേശി അനിജിത് (18), വട്ടപ്പാറ വേങ്കവിള സ്വദേശി അഖിലേഷ് (19), വട്ടപ്പാറ സ്വദേശി കിരൺ (19) എന്നിവർക്കാണ് പരിക്കേറ്റത്. 17 വയസുകാരന്റെ രണ്ടു കൈപ്പത്തിയും ചിന്നിച്ചിതറി. അഖിലേഷിന്റെ വലത് കൈയ്ക്ക് പരിക്കുണ്ട്. നാലുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മണ്ണന്തല മുക്കോലയ്ക്കലിൽ നെടുമൺ ഹൊറൈസൺ പാർക്കിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് സംഭവം. രണ്ട് ബൈക്കിലായെത്തിയ സംഘം മരച്ചുവട്ടിലിരുന്ന് ബോംബ് നിർമ്മിക്കുകയായിരുന്നു. ഇതിനിടെ സ്ഫോടനമുണ്ടായി. ഉടൻ ഒരു ഓട്ടോ വിളിച്ച് സംഘം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയി. ഗ്യാസ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റെന്നാണ് ഇവർ ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. സ്ഫോടനശബ്ദം കേട്ട് എത്തിയവരാണ് വിവരം മണ്ണന്തല പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
17കാരനും അഖിലേഷും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലും അനിജിത്തും കിരണും പൊലീസ് കസ്റ്റഡിയിലുമാണ്.
മീൻ പിടിക്കാനായാണ് നാടൻ ബോംബ് നിർമ്മിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഉഗ്രശേഷിയുള്ള നാടൻബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചെന്നാണ് ലഭിക്കുന്ന വിവരം.
നിരവധി അക്രമ കേസുകളിൽ പ്രതികളായ ഇവർ പ്രദേശത്ത് മറ്റു ചില ഗുണ്ടാസംഘത്തിന് നേരെ പ്രയോഗിക്കാൻ ബോംബ് ഉണ്ടാക്കിയതെന്നാണ് സംശയിക്കുന്നത്. ഇവർ കൊണ്ടുവന്ന കരിമരുന്നും മറ്റു സാധനങ്ങളും പൊലീസ് പിടികൂടി. ഫോറൻസിക് സംഘം ഇന്ന് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തും.
You may also like this video