നെടുങ്കണ്ടത്തിന് സമീപം കോമ്പയാറില്‍ ഏലക്കാ സ്റ്റോറില്‍ വന്‍ സ്‌ഫോടനം. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. കോമ്പയാര്‍ റേഷന്‍ കടയ്ക്ക് എതിര്‍വശത്തുള്ള ഗ്രീന്‍ഗോള്‍ഡ് കാര്‍ഡമം ഡ്രയറിലാണ് സ്‌ഫോടനം ഉണ്ടായത്. കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 738 ല്‍ മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏലക്കാ സ്റ്റോര്‍. സ്‌ഫോടനം ഉണ്ടായ മുറിയൂടെ അടുത്ത മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന മദ്ധ്യപ്രദേശ് മാണ്ഡ്‌ല സ്വദേശിയായ രോഹിത് കുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു. സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന 800 കിലോയോളം വരുന്ന ഏലക്കായ്ക്ക് തീ പിടിച്ചു. കെട്ടിടത്തിന്റെ നാല് ജനലുകളും ഉള്ളിലെ രണ്ട് കതകുകളും പുറത്തെ ഷട്ടറും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഷട്ടറിന് സമീപം പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഉടമയുടെ കാറിന്റെ ചില്ല് ഷട്ടർ വീണ് തകര്‍ന്നു.
കാര്‍ഡമം പോളീഷിംഗ് മെഷീനിന്റെ ഒരുവശത്തിന് കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തില്‍ ജനലുകള്‍ തെറിച്ച് കോമ്പയാര്‍ ആറ്റിൽ പതിച്ചു.. ഉഗ്രസ്‌ഫോടനം കേട്ട് ഉണര്‍ന്ന രോഹിത് കുമാര്‍ തൊട്ടടുത്ത് താമസിക്കുന്ന ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം സമീപവാസികള്‍ സ്ഥലത്തെത്തുകയും വെള്ളമൊഴിച്ച് തീ കെടുത്തുകയും ചെയ്തു. മൂന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം ഉണ്ടാകാനുള്ള കാരണം അറിയില്ലെന്നും കെട്ടിടത്തിന്റെ വയറിംഗിന് തകരാറുകള്‍ ഒന്നുംതന്നെ ഇല്ലെന്നും, ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായിട്ടില്ലെന്നും മറ്റാരോ ചെയ്താകാമെന്നും ഉടമ പറഞ്ഞു. കെ.എസ്.ഇ.ബി ഓവര്‍സീയര്‍ ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം കഴിഞ്ഞവര്‍ഷമാണ് മുഹമ്മദ് ബഷീര്‍ കാര്‍ഡമം സ്‌റ്റോര്‍ ആരംഭിച്ചത്. കഴിഞ്ഞ 20 ദിവസമായി ചികിത്സയ്ക്കായി ഉടമ ചങ്ങനാശേരിയിലായിരുന്നതായും ഞായറാഴ്ച വൈകുന്നേരമാണ് തിരിച്ചെത്തിയതെന്നും ഉടമ പറഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും.
English Summary: Explosion in Idukki: Blast at 3 am
You may like this video also