Site iconSite icon Janayugom Online

വിമാനത്താവളങ്ങളില്‍ കയറ്റുമതി വിലക്ക്; കേരളത്തിന് തിരിച്ചടി

CIALCIAL

കേന്ദ്ര ഇറക്കുമതി നിയമത്തിലെ പാളിച്ചകൾ, കേരളത്തിലെ വിമാനത്താവളങ്ങൾക്കും കയറ്റുമതി മേഖലയ്ക്കും വൻ തിരിച്ചടിയായി. ഈ വഴിക്കുള്ള വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കുറി വലിയ തോതിൽ ഇടിഞ്ഞു.
കേരളത്തിലെ വിമാനത്താവളങ്ങളിൽ, സ്ഥിരം സർവീസിൽപ്പെടാത്ത വിദേശ ചരക്ക് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ്, സംസ്ഥാനത്തെ വിമാനത്താവളങ്ങളെയും കയറ്റുമതി മേഖലയെയും ഒപ്പം വലച്ചത്. അതേസമയം, ബംഗളുരു, ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരബാദ് എന്നീ ആറിടത്തെ വിമാനത്താവളങ്ങൾക്ക് ഈ വിലക്ക് ബാധകവുമല്ല. അവിടങ്ങളിൽ നിന്ന് യഥേഷ്ടം വിദേശങ്ങളിലേക്ക് കയറ്റുമതിയാവാം. കയറ്റുമതിക്ക് അനുമതിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്ന് കേരളത്തെ മാത്രം വെട്ടിയതിന്റെ കാരണം അജ്ഞാതം.
സ്ഥിരം സർവീസിൽ ഉൾപ്പെടാത്ത വിദേശ ചരക്ക് വിമാനങ്ങൾ കേരളത്തിലേക്ക് അടുക്കാതായതോടെ, സംസ്ഥാനത്തെ കയറ്റുമതി വ്യാപാരികൾ ചെന്നൈ, ബംഗളുരു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. റോഡ് മാർഗം ചരക്ക് അവിടങ്ങളിലെത്തിച്ചു വേണം കയറ്റിവിടാൻ. ഇത് വലിയ പണച്ചെലവുള്ള കാര്യമാണ്.
2021 — 22 സാമ്പത്തിക വർഷം വിമാനത്താവളങ്ങൾ വഴി 55 ശതമാനം കയറ്റുമതി മാത്രമെ നടന്നിട്ടുള്ളൂ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 45 ശതമാനത്തിന്റെ ഇടിവ്. പ്രസ്തുത വർഷം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതി വരുമാനം 23.47 കോടി ഡോളറായാണ് കുറഞ്ഞത്. 36.65 കോടി ഡോളറിന്റെ വരുമാനം വരെ ഇവിടങ്ങളിൽ നിന്ന് നേരത്തേ ലഭിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം വഴിയുള്ള കയറ്റുമതി വൈകി ആരംഭിച്ചതിനാൽ ഈ കാലയളവിൽ ഇവിടെ 9.7 ലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്.
സ്ഥിരം സർവീസിൽ ഉൾപ്പെടാത്ത വിദേശ ചരക്ക് വിമാനങ്ങൾക്ക് കേരളത്തിൽ വിലക്കുണ്ടായ സാഹചര്യത്തിൽ, യാത്രാ വിമാനങ്ങളിൽ ചരക്ക് അയയ്ക്കാമെന്നു വച്ചാൽ അവിടെ സ്ഥല പരിമിതിയുടെ തടസുള്ളതിനാൽ ആ വഴിയും അടഞ്ഞിരിക്കുകയാണെന്ന് കയറ്റുമതിക്കാർ പരാതിപ്പെടുന്നു. ചരക്ക് വിമാനങ്ങളിൽ 100 ടൺ ചരക്ക് അയയ്ക്കുന്ന സ്ഥാനത്ത് യാത്രാ വിമാനങ്ങളിൽ 15 ടണ്ണിൽ താഴെ മാത്രമെ അയയ്ക്കാൻ അനുവാദമുള്ളൂ. പുറമെ, അധികച്ചെലവുമാണ്.
വിദേശ ചരക്ക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്, രാജ്യത്തെ ചരക്ക് വിമാന സർവീസുകളെ പ്രോത്സാഹിപ്പിക്കാനാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. അങ്ങനെയെങ്കിൽ, അത് കേരളത്തിനു മാത്രം ബാധകമാകുന്നതെങ്ങനെ എന്നാണ് കയറ്റുമതി രംഗത്തുള്ളവരുടെ ചോദ്യം.
ഓരോ സീസണിലെയും ആവശ്യകതയും കയറ്റുമതി ഓർഡറുകളും കണക്കാക്കി കേരളത്തിലേക്ക് സർവീസ് നടത്തുകയായിരുന്നു വിദേശ ചരക്ക് വിമാനങ്ങളുടെ നേരത്തേയുള്ള രീതി. നയം പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കയറ്റുമതിക്കാരുടെ സംഘടനകളും നിരന്തരമായി കേന്ദ്ര സർക്കാരിനെ സമീപിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണമില്ല. 

Eng­lish Sum­ma­ry: export ban at air­ports; A set­back for Kerala

You may like this video also

Exit mobile version