കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളർത്തുന്നതിനും ഉതകുന്നതരത്തിൽ പാഠ്യേതര വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാകും സിലബസ് പരിഷ്‌കരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾക്കും പഠനത്തിൽ മുന്തിയ പരിഗണന നൽകണം. സമൂഹവുമായി ഇഴുകിച്ചേരാനും കാർഷിക രംഗത്ത് ഇടപെടൽ നടത്താനും മണ്ണിന്റെ മണമറിഞ്ഞ് നല്ല മനുഷ്യന്റെ മുഖമാകുന്നതിനുമെല്ലാം വിദ്യാർഥികളെ പ്രാപ്തരാക്കണം. ഈ രീതയിലേക്കു പാഠ്യരീതിയും മാറ്റപ്പെടേണ്ടതുണ്ട്. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിദ്യാർഥികളിൽ അവബോധം പകരുന്നതിനും ഇതിനായി പ്രോത്സാഹനം നൽകുന്നതിനും വിദ്യാഭ്യാസ വകുപ്പ് ശ്രമങ്ങൾ നടത്തിവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘എനർജി എഫിഷ്യന്റ് ഇന്ത്യ ക്ലീനർ പ്ലാനറ്റ്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം സംസ്ഥാനത്ത് 41 കേന്ദ്രങ്ങളിൽ നടന്നു. എനർജി മാനേജ്‌മെന്റ് സെന്റർ, എൻ.ടി.പി.സി കായംകുളം, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു മത്സരങ്ങൾ സംഘടിപ്പിച്ചത്. ഉദ്ഘാടന വേദിയിൽവച്ച് എനർജി മാനേജ്മെന്റ് സെന്ററിന്റെ ന്യൂസ് ലെറ്ററും മന്ത്രി പ്രകാശനം ചെയ്തു. കോട്ടൺഹിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ കൗൺസിലർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ എം.കെ. ഷൈമോൻ, എൻ.ടി.പി.സി. കായംകുളം എച്ച്.ആർ. മാനേജർ എം. ബാലസുന്ദരം, സ്‌കൂൾ പ്രിൻസിപ്പാൾ എം. ബീന തുടങ്ങിയവർ പങ്കെടുത്തു.
English Summary: Extra curriculum will also be given prominence in syllabus revision: Minister V Sivankutty
You may like this video also