Site iconSite icon Janayugom Online

ഡൽഹിയിൽ കൊടുംതണുപ്പ്; വായുനിലവാരം അതീവ ഗുരുതരം, 100ലേറെ വിമാന സർവീസുകൾ റദ്ദാക്കി

കടുത്ത ശൈത്യത്തിലും മൂടൽമഞ്ഞിലും മുങ്ങി രാജ്യതലസ്ഥാനം. മഞ്ഞും പുകയും കലർന്ന അന്തരീക്ഷം മൂലം പകൽ സമയത്തും സൂര്യപ്രകാശം പോലും ഭൂമിയിലെത്താത്ത അവസ്ഥയാണ്. ഡൽഹിയിൽ ശരാശരി താപനില 16.9 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. കനത്ത മൂടൽമഞ്ഞ് കാഴ്ചപരിധി കുറച്ചതോടെ വ്യോമഗതാഗതം വൻതോതിൽ തടസ്സപ്പെട്ടു. ശനിയാഴ്ച ഡൽഹിയിലേക്കുള്ള 66 വിമാനങ്ങളെയും അവിടെ നിന്നുള്ള 63 വിമാനങ്ങളെയും മൂടൽമഞ്ഞ് ബാധിച്ചു. സഫ്ദർജംഗിൽ കാഴ്ചപരിധി 200 മീറ്ററായും പാലത്തിൽ 350 മീറ്ററായും കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്.

ശൈത്യത്തിനൊപ്പം ഡൽഹിയിലെ വായുഗുണനിലവാരവും അതീവ ഗുരുതരമായ നിലയിലെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെ വായുഗുണനിലവാര സൂചിക 401 രേഖപ്പെടുത്തി. വാഹനങ്ങളിൽ നിന്നുള്ള പുക, വ്യവസായ ശാലകൾ, മാലിന്യം കത്തിക്കൽ എന്നിവയാണ് അന്തരീക്ഷം ഇത്രത്തോളം മലീമസമാക്കിയത്. വരും ദിവസങ്ങളിലും ശൈത്യം കടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Exit mobile version