Site iconSite icon Janayugom Online

അതിശൈത്യം: ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

ശൈത്യം അതിശക്തമായതോടെ ഡല്‍ഹി ഉള്‍പ്പെടെ രാജ്യതലസ്ഥാന മേഖലയില്‍ റെഡ് അലര്‍ട്ട്. താപനില മൂന്നു ഡിഗ്രിയിലേക്ക് താഴുകയും ശീതക്കാറ്റും മൂടല്‍ മഞ്ഞും വീണ്ടും കനക്കുകയും ചെയ്തതോടെയാണ് കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വരുന്ന ആഴ്ച പകുതിവരെ തണുപ്പിന്റെ പിടിയില്‍ നിന്നും മോചനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഉത്തരേന്ത്യയാകെ കൊടും ശൈത്യത്തിന്റെ പിടിയിലാണ്. മൂടല്‍മഞ്ഞ് റെയില്‍, റോഡ്, വിമാന ഗതാഗതങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. 

ഡല്‍ഹിയിലെ ശരാശരി താപനില 3.6 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. 3.8 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്. മൂടല്‍മഞ്ഞിനിടയില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകി. ഡല്‍ഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയിലെ ദൂരക്കാഴ്ച പുലര്‍ച്ചെ 5:30 ന് 200 മീറ്ററാണ്. അതേസമയം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക രാവിലെ ഒമ്പത് മണിക്ക് 365 ആയിരുന്നു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും തണുപ്പും മൂടല്‍മഞ്ഞുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജസ്ഥാനിലും യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ടെന്നും ഐഎംഡി അറിയിച്ചു. 

Eng­lish Sum­ma­ry; Extreme cold: Red alert in Delhi
You may also like this video

Exit mobile version