Site iconSite icon Janayugom Online

അഴിമതിക്കെതിരെ അതിശക്തമായ ജാഗ്രത പുലർത്തണം: മന്ത്രി കെ രാജന്‍

എൽഡിഎഫ് സർക്കാരിന്റെ ഇംഗിതത്തിന് അനുസരിച്ച് ജനക്ഷേമ പ്രവർത്തനങ്ങളുമായ മുമ്പോട്ട് പോകാനും അഴിമതിക്കെതിരെ അതിശക്തമായ ജാഗ്രത പുലർത്താനും സംസ്ഥാന സർക്കാർ ജീവനക്കാർ തയ്യാറാകണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. മലപ്പുറത്ത് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘കേരളം സൃഷ്ടിച്ച മാതൃകകൾ’ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ അഴിമതി നടത്തില്ല എന്നതല്ല, ഞാൻ സർവ്വീസിൽ ഉള്ളിടത്തോളം കാലം ഒരിടത്തും അഴിമതി അനുവദിക്കില്ല’ എന്ന ഉറച്ച തീരുമാനമാണ് ജീവനക്കാർ സ്വീകരിക്കേണ്ടത്. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ ഇടതുപക്ഷ സർക്കാർ വളരെയധികം പരിശ്രമിക്കുമ്പോൾ ചില ഉദ്യോഗസ്ഥരെങ്കിലും അപഹാസ്യമായ പ്രവണതകൾ പിന്തുടരുന്നുണ്ട്. സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന ചെയ്തികൾ അനുവദിക്കില്ലെന്ന് രാജൻ വ്യക്തമാക്കി.

കാലവിളബം കൂടാതെ ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി ഭൂമിയുടെ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ട ജീവനക്കാരെ പ്രത്യേകം അഭിനന്ദിക്കുകയാണ് മന്ത്രി പറഞ്ഞു. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ അധ്യക്ഷത വഹിച്ചു. കേരള എൻജിഒ യൂണിയൻ പ്രസിഡന്റ് എം വി ശശിധരൻ, കേരള എൻജിഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ, എൻ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

എൽഡിഎഫ് സർക്കാരിന്റെ വികസനോന്മുഖ ജനപ്രിയ ഭരണത്തിന് ചാലക ശക്തിയാകാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സന്ധിയില്ലാതെ പോരാടാനും സമ്മേളനം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ഫെഡറലിസത്തെ ദുർബലപ്പെടുത്തി സിവിൽ സർവ്വീസിനെ വരിഞ്ഞു മുറുക്കാൻ കേന്ദ്രം നടത്തുന്ന നീക്കങ്ങളെ ചെറുക്കുന്നതിലൂടെ മാത്രമേ മെച്ചപ്പെട്ട ജനക്ഷേമ സിവിൽ സർവ്വീസ് നിലനിൽക്കുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ ജീവനക്കാർ തയ്യാറാകണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.

കെ ഷാനവാസ് ഖാൻ ചെയർമാൻ ജയശ്ചന്ദ്രൻ കല്ലിംഗൽ ജനറൽ സെക്രട്ടറി

ജോയിന്റ് കൗൺസിൽ സ്റ്റേറ്റ് സർവ്വീസ് ഓർഗനൈസേഷന്‍ ഭാരവാഹികളായി കെ ഷാനവാസ് ഖാൻ (ചെയർമാൻ), ജയശ്ചന്ദ്രൻ കല്ലിംഗൽ (ജനറൽ സെക്രട്ടറി), കെ പി ഗോപകുമാർ (ട്രഷറർ) എന്നിവരെ മലപ്പുറത്ത് സമാപിച്ച 54-ാം വാർഷിക സമ്മേളനം തിരഞ്ഞെടുത്തു.

 

എം എസ് സുഗൈദകുമാരി, നരേഷ് കുമാർ കുന്നിയൂർ, വി സി ജയപ്രകാശ്(വൈസ് ചെയർമാന്മാർ), കെ മുകുന്ദൻ, പി എസ് സന്തോഷ് കുമാർ, എസ് സജീവ് (സെക്രട്ടറി), വി വി ഹാപ്പി (വനിത കമ്മിറ്റി പ്രസിഡന്റ്) എന്നിവരാണ് മറ്റുഭാരവാഹികള്‍. സെക്രട്ടേറിയറ്റ് അംഗങ്ങളായി എം എം നജീം, പി ഹരീന്ദ്രനാഥ്, എൻ കൃഷ്ണകുമാർ, ആർ രമേശ്, ഡി ബിനിൽ, ബിന്ദുരാജൻ, വി വി ഹാപ്പി, എം സി ഗംഗാധരൻ, നാരായണൻ കുഞ്ഞികണ്ണോത്ത്, എ ഗ്രേഷ്യസ്, എം രാകേഷ് മോഹൻ, ജെ ഹരിദാസ്, എസ് പി സുമോദ്, രാജീവ് കുമാർ എന്നിവരെയും സമ്മേളനം തിര‍ഞ്ഞെടുത്തു.

Eng­lish Summary;Extreme vig­i­lance against cor­rup­tion: Min­is­ter K Rajan
You may also like this video

Exit mobile version