Site iconSite icon Janayugom Online

എഴുത്തച്ഛൻ പുരസ്കാരം എൻ എസ് മാധവന്

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം, പ്രശസ്‌ത കഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവന്. മന്ത്രി സജി ചെറിയാൻ കോട്ടയം പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. എസ് കെ വസന്തൻ ചെയർമാനായും ഡോ ടീ കെ നാരായണൻ, ഡോ മ്യൂസ് മേരി ജോർജ് എന്നിവർ അംഗങ്ങൾ ആയും സി പി അബൂബക്കർ മെമ്പർ സെക്രട്ടറി ആയുമുള്ള ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത് .

മലയാള ചെറുകഥാസാഹിത്യത്തിന്റെ വളർച്ചയിൽ അനന്യമായ സ്ഥാനമാണ് ശ്രീ. എൻ.എസ്. മാധവനുള്ളത്. വൈവിദ്ധ്യപൂർണ്ണമായ പ്രമേയങ്ങൾ ശില്പ‌ഭദ്രമായി ചെറുകഥാരൂപത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം അസാധാരണമായ വൈദഗ്ദ്ധ്യമാണ് പ്രകടിപ്പിക്കുന്നത്. നോവലിസ്റ്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ സ്ഥാനം മുൻനിരയിൽത്തന്നെയാണ്. സമൂഹചലനങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതിലും യുക്തിപൂർവ്വം വിലയിരുത്തുന്നതിലും അദ്ദേഹം പുലർത്തുന്ന ശ്രദ്ധ ആദരമർഹിക്കുന്നു.പുരസ്ക‌ാരം എൻ.എസ്. മാധവനു സമർപ്പിക്കുന്നതിലൂടെ ആ മൗലികപ്രതിഭയെ അംഗീകരിക്കുകയാണ് മലയാളി വായനക്കാർ ചെയ്യുന്നതെന്ന് 2024‑ലെ എഴുത്തച്ഛൻ പുരസ്ക‌ാരജേതാവിനെ തെരഞ്ഞെടുത്തുകൊണ്ട് ജൂറി അഭിപ്രായപ്പെട്ടു.
എൻ.എസ്. മാധവൻ

1948‑ൽ എറണാകുളത്ത് ജനിച്ച എൻ.എസ്. മാധവൻ മഹാരാജാസ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, കേരള സർവ്വകലാശാല എക്കണോമിക്‌സ് വിഭാഗം എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. 1975‑ൽ ഐ.എ.എസ്. ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെ ക്രട്ടറി ആയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, പത്മപ്രഭാപുരസ്കാ രം, മുട്ടത്തുവർക്കി പുരസ്കാരം എന്നിവ നേടി. ലന്തൻബത്തേരിയിലെ ലുത്തിനിയകളുടെ വിവർത്തനമായ Lita­nies of Dutch Bat­tery വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല ഇംഗ്ലീഷ് നോവലിനുള്ള ക്രോസ്‌വേഡ് പുരസ്കാരം നേടി. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സംഭവവികാസങ്ങളെ ആസ്പദമാക്കി രചിച്ച വൻമരങ്ങൾ വീഴുമ്പോൾ എന്ന ചെറുകഥയെ ആസ്പദമാക്കി കായാതരൺ എന്ന ഹിന്ദി ചലച്ചിത്രം പുറത്തിറങ്ങി. 2015 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്.

സാഹിത്യ അക്കാഡമി മെമ്പർ സെക്രട്ടറി, സി.പി അബൂബക്കറും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Exit mobile version