Site iconSite icon Janayugom Online

ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഫേസ്ബുക്ക്-മോഡി ചങ്ങാത്തം

ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗും മോഡി സര്‍ക്കാരും ബിജെപിയും അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഫ്രീ ബേസിക്സ് പരിപാടി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫേസ്ബുക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി കൂടുതല്‍ അടുത്തതെന്ന് കമ്പനി മുന്‍ പൊതുനയ മേധാവി സാറാ വിന്‍-വില്യംസിന്റെ ‘കെയര്‍ലെസ് പീപ്പിള്‍: എ കാേഷണറി ടെയില്‍ ഓഫ് പവര്‍, ഗ്രീഡ് ആന്റ് ലോസ്റ്റ് ഐഡിയലിസം’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫിസില്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായുള്ള സഹകരണവും മറ്റ് കാര്യങ്ങളും പുസ്തകത്തില്‍ പറയുന്നു. കമ്പനി നയരൂപീകരണ സംഘം കേന്ദ്രസര്‍ക്കാരുമായി നേരിട്ട് ഇടപെട്ടു. പൊതുജനങ്ങളുടെ എതിര്‍പ്പുകളും നിയന്ത്രണങ്ങളും മറികടക്കാന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം കൂട്ടുകെട്ടുകളിലൂടെ ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും പൗരാവകാശങ്ങള്‍ക്ക് പകരം കോര്‍പറേറ്റ് താല്പര്യങ്ങള്‍ അനുകൂലമാക്കുകയും ചെയ്യും. വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാര്‍ത്തകള്‍, ആശയവിനിമയം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ഇന്റര്‍നെറ്റ് സേവനങ്ങളിലേക്ക് സൗജന്യ പ്രവേശനം നല്‍കുന്നതിനാണ് ഫ്രീ ബേസിക്സ് പ്രോഗ്രാം ഫേസ്ബുക്ക് തുടങ്ങിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ 2016ല്‍ ഇത് ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

ഇന്ത്യയില്‍ ദൗത്യം പരാജയപ്പെട്ടാല്‍ ലാറ്റിനമേരിക്കയിലെ പദ്ധതി പാളുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്രീ ബേസിക്സിന്റെ പുരോഗതിക്ക് പ്രധാനമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം നിര്‍ണായകമായി. എന്നാല്‍ അത് ചില അപകടസാധ്യതകളും സൃഷ്ടിച്ചു.
2011–18 കാലത്താണ് വിന്‍-വില്യംസ് ഫേസ്ബുക്കില്‍ ജോലി ചെയ്തത്. കമ്പനി കൃത്രിമത്വം നടത്തിയെന്നും കോര്‍പറേറ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കാളിത്തം പുലര്‍ത്തിയെന്നും അവര്‍ ആരോപിക്കുന്നു. ടിവി, പത്രങ്ങള്‍, സിനിമാശാലകള്‍, റേഡിയോ എന്നിവയിലെല്ലാം പരസ്യ കാമ്പയിനുകള്‍ക്കായി ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചാണ് ഫേസ്ബുക്ക് ഇന്ത്യയില്‍ വാര്‍റൂം തുടങ്ങിയതെന്നും പുസ്തകം പറയുന്നു. ഫ്രീ ബേസിക്സിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രായിക്ക് ഇമെയില്‍ അയയ്ക്കണമെന്ന് ഇന്ത്യന്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് സന്ദേശം നല്‍കി.

ഉപയോക്താവ് ഇതിനെ പിന്തുണയ്ക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുഴുവന്‍ സുഹൃത്തുക്കളും ട്രായിക്ക് കത്ത് അയച്ച രീതിയിലാണ് കമ്പനി കാമ്പയിന്‍ രൂപകല്പന ചെയ്തതെന്നും ഇത് വലിയ സമ്മര്‍ദം സൃഷ്ടിച്ചെന്നും അവര്‍ അറിയിച്ചു. പൊതുജന പിന്തുണ വ്യാപകമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയായിരുന്നു ഇതിന്റെയെല്ലാം ലക്ഷ്യമെന്നും അവര്‍ വെളിപ്പെടുത്തുന്നു. 

Exit mobile version