ബിജെപിക്ക് ഫേസ്ബുക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് വിലകുറഞ്ഞ നിരക്കില്‍ പരസ്യം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കിലെ തെരഞ്ഞെടുപ്പുകാല പരസ്യച്ചെലവു കണക്കുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. 10 തെരഞ്ഞെടുപ്പുകളില്‍ ഫേസ്ബുക്കില്‍വന്ന പരസ്യം മുന്‍നിര്‍ത്തിയാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഒമ്പതിലും എതിരാളികളേക്കാള്‍ കുറഞ്ഞ നിരക്കാണ് പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് ബിജെപിയില്‍നിന്ന് ഈടാക്കിയതെന്ന് കണ്ടെത്തി.
മാധ്യമ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ്, സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പരസ്യങ്ങള്‍ പഠിക്കുന്ന ഗവേഷണ പദ്ധതിയായ ആഡ് ഡോട്ട് വാച്ച് എന്നിവരാണ് പഠനത്തിന് പിന്നില്‍. 2019 ഫെബ്രുവരി മുതല്‍ 2020 നവംബര്‍ വരെ ഫേസ്ബുക്കില്‍ നല്‍കിയ 536,070 രാഷ്ട്രീയ പരസ്യങ്ങളുടെ ഡാറ്റയാണ് വിശകലനം ചെയ്തത്. അല്‍ജസീറയാണ് ഇതുസബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഒരു പരസ്യം പത്ത് ലക്ഷം പ്രാവശ്യം കാണിക്കാന്‍ ശരാശരി 41,844 രൂപ ബിജെപിയില്‍ നിന്ന് ഈടാക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന് 53,776 രൂപയാണ് ഇടാക്കുന്നത്. ഏതാണ്ട് 29 ശതമാനം കൂടുതല്‍. പത്തര കോടി രൂപയാണ് ഈ കാലയളവില്‍ ബിജെപിയും സഖ്യകക്ഷികളും ഫേസ്ബുക്കില്‍ പരസ്യത്തിന് മാത്രം നല്‍കിയത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഫേസ്ബുക്ക് പരസ്യത്തിന് ഇളവ് നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്ന് 38,124 രൂപ വാങ്ങിയപ്പോള്‍ ബിജെപിയില്‍ നിന്ന് 43,482 രൂപയാണ് അന്ന് ഈടാക്കിയത്. ഫേസ്ബുക്ക് ഭരണസ്വാധീനത്തിന് വഴങ്ങുന്നതായും ബിജെപിക്ക് സഹായം ചെയ്യുന്നതായും വിദ്വേഷ പ്രചാരണത്തോട് സന്ധിചെയ്യുന്നതായും നേരത്തേ മുതലേ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.
english summary;Facebook support for BJP
you may also like this video;