പുതുച്ചേരിയിലും തമിഴ‌്നാട്ടിലും അതിതീവ്ര മഴയോടെ ആഞ്ഞടിച്ച ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് ദുർബലമായി. ഇന്നലെയും തമിഴ‌്നാട്ടിലെ 15 ജില്ലകളില്‍ കനത്ത മഴ ലഭിച്ചു. തിരുവണ്ണാമലയിൽ രണ്ടുതവണ ഉരുള്‍പൊട്ടി. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു.
മണിക്കൂറിൽ ഏഴ് കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്, വടക്കു പടിഞ്ഞാറു ദിശയിലേക്ക് സഞ്ചരിക്കുന്ന ഫെയ്ന്‍ജല്‍ ഇന്ന് കേരള, കർണാടക തീരം തൊട്ട് ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം. തിരുവണ്ണാമല ക്ഷേത്രത്തിന് പിന്നിലായുള്ള മലയിടിഞ്ഞ് വീണ് കാണാതായവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനം നടത്തി. സംഭവസ്ഥലത്ത് നിന്നും 50 പേരെ ഒഴിപ്പിച്ചു.
പടിഞ്ഞാറന്‍ മേഖലയില്‍ ഉള്‍പ്പെട്ട കൃഷ്ണഗിരി, ധര്‍മ്മപുരി ജില്ലകളിലെ പല സ്ഥലങ്ങളിലും പ്രളയമുണ്ടായി. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇവിടെ പ്രളയമുണ്ടാകുന്നത്. കൃഷ്ണഗിരി ജില്ലയിലെ ഉത്തന്‍ഗരായില്‍ 50 സെന്റിമീറ്റര്‍ മഴ പെയ്തു. കാറുകളും വാനുകളുമുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇവിടെ ഒഴുകിപ്പോയി.
വില്ലുപുരം (33), ഹരൗര്‍ (33), കടലൂര്‍, തിരുവണ്ണാമലൈ (16) സെന്റിമീറ്റര്‍ വീതമാണ് മഴ പെയ്തത്. വില്ലുപുരത്തു മാത്രം 3,617 പേരെ 65 ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 15 സംഘങ്ങളായാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ വെള്ളപ്പൊക്ക മേഖലകളില്‍ സന്ദര്‍ശനം നടത്തി.
റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. മഴക്കെടുതിയിലും മറ്റുമായി പുതുച്ചേരിയില്‍ നാല് പേര്‍ മരിച്ചതായാണ് കണക്കുകള്‍. ചുഴലിക്കാറ്റും മഴയും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും ഇതിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് അയക്കുമെന്നും മുഖ്യമന്ത്രി രംഗസാമി അറിയിച്ചു. അടിയന്തരസഹായമായി 100 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.