സൈക്കിളിൽ രണ്ട് വർഷം കൊണ്ട് മുപ്പത് രാജ്യങ്ങളിലൂടെ 23,000 കിലോമീറ്റർ സഞ്ചരിച്ച് കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ ഫായിസ് അഷ്റഫ് അലി ജന്മനാട്ടിൽ തിരിച്ചെത്തി. 2022 ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് നിന്നായിരുന്നു യാത്ര ആരംഭിച്ചത്. ഒമാൻ, സൗദി, ഖത്തർ, ബഹറൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, അർമീനിയ, ജോർജിയ, തുർക്കിയ, ഗ്രീസ്, മാസിഡോണിയ, സെർബിയ, ക്രൊയേഷ്യ, സ്ലോവേനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക്ക്, ജർമനി, ഡെൻമാർക്, നോർവേ, പോളണ്ട്, സ്വീഡൻ, നെതർലന്റ്സ്, ബെൽജിയം, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങൾ കടന്ന് സൈക്കിൾ യാത്ര ലണ്ടനിലെത്തി. ലണ്ടൻ പാർലമെന്റിന്റെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഭാരത് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം നേടിയ യാത്ര ഖത്തറിന്റെ ഹയ്യ കാർഡിന്റെ ചെക്ക് ഇൻ സ്റ്റാമ്പും കരസ്ഥമാക്കി. പാരീസ് ഒളിമ്പിക്സിനും സാക്ഷിയായ ശേഷമാണ് ഫായിസ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് തിരിച്ചെത്തിയത്.
ടീം എക്കോ വീലേഴ്സിന്റെയും റോട്ടറി ഇന്റർനാഷണലിന്റെയും സഹായത്തോടെയായിരുന്നു യാത്ര. ‘ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്’ എന്നതായിരുന്നു യാത്രയുടെ മുദ്രാവാക്യം. ആരോഗ്യ സംരക്ഷണം, ലോകസമാധാനം, സീറോ-കാർബൺ ഉറപ്പാക്കൽ, ലഹരിവിരുദ്ധ സന്ദേശങ്ങളുമായാണ് യാത്ര ചെയ്തത്. പാക്കിസ്ഥാനിൽ പ്രവേശിക്കാൻ കഴിയാത്തതുകൊണ്ട് സൗദി, ഒമാൻ തുടങ്ങി ഏഴു രാജ്യങ്ങൾ കടന്ന് ഇറാനിലെത്തി. ഇറാനിൽ വെച്ചും ലണ്ടനിൽ വെച്ചും പണം മോഷണം പോയത് പ്രയാസമുണ്ടാക്കി. യാത്രക്കിടയിൽ ഹോട്ടലിൽ റൂമെടുത്ത് താമസിക്കാറുണ്ടായിരുന്നില്ലെന്നും ടെന്റ് അടിച്ച് അതിലായിരുന്നു രാത്രി കഴിഞ്ഞിരുന്നതെന്നും ഫായിസ് പറഞ്ഞു.
എൺപത് കിലോയോളം ഭാരമുള്ള അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്ക് ട്രക്കർ സൈക്കിളിലായിരുന്നു യാത്ര. രണ്ടര ലക്ഷം രൂപയായിരുന്നു സൈക്കിളിന്റെ ചെലവ്. അപരിചിതരെ വീട്ടിലേക്ക് ക്ഷണിക്കാത്ത ഡെൻമാർക്ക് സ്വദേശികൾ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം തന്നത് വല്ലാത്തൊരു അനുഭവമായിരുന്നു. ഇറാൻ, അർമേനിയ, അസർബൈജാൻ ബോർഡറിലെ മലനിരകൾക്കിടയിലൂടെയുള്ള യാത്ര മാത്രമാണ് പ്രയാസം സൃഷ്ടിച്ചത്. വിജനമായ ഈ പ്രദേശത്ത് വീശിയടിക്കുന്ന ശക്തമായ കാറ്റ് വലിയ ആശങ്കയുണ്ടാക്കിയെന്നും ഇദ്ദേഹം പറയുന്നു.
വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഇത്തരമൊരു യാത്രയിലേക്ക് നയിച്ചത്. നേരത്തെ സിംഗപ്പൂരിലേക്ക് ഇതുപോലെ യാത്ര ചെയ്തിരുന്നു. തൈറോയ്ഡ് പ്രശ്നം ഉള്ളതുകൊണ്ട് ഭാരം വല്ലാതെ കൂടുമായിരുന്നു. അതിന് പരിഹാരമായിട്ടാണ് സൈക്കിളിംഗ് ശീലിച്ചത്. വിപ്രോയിൽ ജീവനക്കാരനായിരുന്ന ഫായിസ് തന്റെ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്യാനായി ജോലി രാജി വയ്ക്കുകയായിരുന്നു. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസിലെ അംഗമാണ് ഫായിസ് അലി. കൂടുതൽ യാത്രകളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഫായിസിന്റെ തീരുമാനം.