ഡിവിഷന്‍ നിലനിര്‍ത്താന്‍ വ്യാജ അഡ്മിഷന്‍ നടത്തിയ പ്രിന്‍സിപ്പലിന് തടവ് ശിക്ഷ വിധിച്ച് കോടതി. കൊല്ലം കരുാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ സ്കൂൾ പ്രിന്സിപ്പാൾ എസ് രമാകുമാരിയെയാണ് അഴിമതി നിരോധന നിയമം 13(1)(ഡി) പ്രകാരവും ഗൂഢാലോചനയ്ക്ക് ഐപിസി 120 (ബി), വ്യാജരേഖകൾ ഉപയോഗിച്ചതിന് ഐപിസി 471എന്നീ കുറ്റകൃത്യങ്ങൾക്ക് ഏഴു വർഷത്തെ തടവിനും, 1,70,000 രൂപ പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് ജഡ്ജി രാജകുമാര എം വി ശിക്ഷ വിധിച്ചത്.
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള വിദ്യാർത്ഥി — അധ്യാപക അനുപാതം വെച്ചു ഡിവിഷനുകളുടെ എണ്ണം കുറയുകയും അതുമൂലം അധ്യാപകരുടെ തസ്തിക നഷ്ടമാവുകയും ചെയ്യും എന്ന് ഭയന്നാണ് സ്കൂളിലെ മുൻ പ്രിന്സിപ്പാൾ ആയിരുന്ന രമാകുമാരിയും മുൻ സ്കൂൾ മാനേജർ ആയിരുന്ന ശ്രീകുമാറും, അദ്ദേഹത്തിൻറെ ഭാര്യയും സ്കൂളിലെ അധ്യാപികയായിരുന്ന കുമാരി മായ എന്നിവരുടെ ഒത്താശയോടെ 2004 മുതൽ 2009 വരെ സ്കൂളിലെ അഡ്മിഷൻ രജിസ്റ്ററിൽ കളവായി (21) ഇരുപത്തിയൊന്ന് വ്യാജ അഡ്മിഷനുകൾ ഉൾക്കൊള്ളിച്ചത്.
ഇല്ലാത്ത കുട്ടികൾക്ക് ഹാജർ ബുക്കിൽ ഹാജർ കാണിച്ചും വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് ഡിവിഷനുകൾ നിലനിർത്തി ഉത്തരവ് സമ്പാദിച്ചും അഞ്ച് അധ്യാപകർക്ക് ജോലി നിലനിർത്തിയും അവർക്ക് ശമ്പളയിനത്തിൽ 8,94,647/- അനർഹമായി നൽകാൻ ഇടയായി എന്ന് കോടതി കണ്ടാണ് ശിക്ഷ വിധിച്ചത് . കേസിന്റെ അന്വേഷണ വേളയിൽ രണ്ടാം പ്രതി സ്കൂൾ മാനേജർ മരണപ്പെട്ടിരുന്നു. മാനേജരുടെ ഭാര്യയും, സ്കൂളിലെ അധ്യാപികയും ആയിരുന്ന മായക്ക് കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി തെളിവ് കാണുന്നില്ല എന്ന് കണ്ട് കോടതി പ്രതിയെ വെറുതെ വിട്ടു.
കൊല്ലം വിജിലൻസ് യൂണിറ്റ് കുറ്റപത്രം നൽകിയ കേസ്സിൽ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് എം എം ജോസും , ഡിവൈഎസ്പി മാരായ ആര്‍. ജയശങ്കർ, കെ അശോക് കുമാർ, പി ഡി രാധാകൃഷ്ണപിള്ള, റെക്സ് ബോബി അർവിൻ എന്നിവരും വിചാരണ നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ് ചെറുന്നിയൂരും ആണ്.
English Summary: Fake admission to maintain division: Imprisonment for aided school principal
You may also like this video

