Site icon Janayugom Online

തിരുപ്പതിയിൽ വ്യാജ ബോംബ് ഭീഷണി; സേലം സ്വദേശി പിടിയില്‍

തിരുപ്പതിയിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. തമിഴ്നാട് സേലം സ്വദേശി ബി ബാലാജി ആണ് പൊലീസിന്‍റെ പിടിയിലായത്. ആഗസ്റ്റ് 15ന് 11 മണിയോടെയായിരുന്നു യുവാവ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കൺട്രോൾ റൂമിലേക്ക് ഫോണ്‍ വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. അലിപിരിയിൽ വൈകീട്ട് മൂന്ന് മണിയോടെ ബോംബ് സ്ഫോടനമുണ്ടാകുമെന്നും നൂറോളം പേരെ കൊലപ്പെടുത്തുമെന്നുമായിരുന്നു വിളിച്ച് പറഞ്ഞത്.

എന്നാല്‍ അലിപിരിയിൽ തെരച്ചിൽ നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ടിടിഡി ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അദിലാബാദിൽ നിന്നും തിരുപ്പതിയിലേക്കുള്ള ട്രെയിനിൽ തീവ്രവാദികൾ ഉണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിരുന്നു. വ്യാജ സ്ഫോടന സന്ദേശം അയച്ച സംഭവത്തിൽ കിരൺ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Summary:Fake bomb threat in Tiru­pati; Salem res­i­dent arrested

You may also like this video

Exit mobile version