Site iconSite icon Janayugom Online

രാഹുൽ ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം: ബിജെപി എംപിമാർക്കെതിരെ കേസ്

കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റും, വയനാട്ടില്‍ നിന്നുള്ള ലോക്സഭാ അംഗവുമായ രാഹുൽ ഗാന്ധിയുടെ പരാമർശം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ ബിജെപി എംപിമാരായ രാജ്യവർധൻ സിങ് രാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേർക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. രാജസ്ഥാൻ പൊലീസും രാത്തോഡിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഓഫിസിൽ അക്രമം നടത്തിയ എസ്എഫ്ഐക്കാരോട് ക്ഷമിച്ചുവെന്നു കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ പറഞ്ഞത് നൂപുർ ശർമയെ അനുകൂലിച്ചതിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയവരെക്കുറിച്ചാണെന്ന രീതിയിൽ ടിവി ചാനൽ വാർത്ത നൽകിയിരുന്നു. ഇവ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. വാർത്ത പിൻവലിച്ച് ചാനൽ മാപ്പു പറഞ്ഞിരുന്നു.

വ്യാജ വാർത്ത പ്രചരിപ്പിച്ച നേതാക്കൾക്കെതിരെ 24 മണിക്കൂറിനകം കർശന നടപടിയെടുത്തില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്നറിയിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയ്ക്കു കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് കത്തയച്ചിരുന്നു. നടപടിയെടുക്കാൻ ബിജെപി തയാറാകാത്ത സാഹചര്യത്തിലാണു പൊലീസിനെ സമീപിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

Eng­lish Sum­ma­ry: Fake cam­paign against Rahul Gand­hi: Case against BJP MPs

You may also like this video:

Exit mobile version