Site iconSite icon Janayugom Online

വടകരയില്‍ ബിനോയ് വിശ്വത്തിന്റെ പേരിലും യുഡിഎഫിന്റെ വ്യാജ പ്രചാരണം

വടകരയിൽ വ്യാജ പ്രചാരണം അവസാനിപ്പിക്കാതെ യുഡിഎഫ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പേരിലാണ് പുതുതായി വ്യാജ പ്രചാരണം. ബിനോയ് വിശ്വത്തിന്റെ ഫോട്ടോ ഉൾപ്പെടുത്തിയാണ് അദ്ദേഹം പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്.
ഷാഫിയെപ്പോലെ കേരളത്തിൽ എല്ലാവരും അംഗീകരിക്കുന്ന സത്യസന്ധനായ യുവനേതാവിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് തിരിച്ചടിയുണ്ടാക്കുമെന്ന് ശൈലജ ടീച്ചർ മനസിലാക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞതായാണ് യുഡിഎഫിന്റെ നുണപ്രചാരണം. തന്റെ പേരിൽ നടത്തുന്ന വ്യാജ പ്രചാരണം തന്നെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും എൽഡിഎഫിനെയും അറിയുന്ന ഒരാളും വിശ്വസിക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ഇത്തരത്തിലുള്ള വിലകുറഞ്ഞ പ്രചാര വേലകളുടെ മാർഗം യുഡിഎഫ് ഉപേക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

തോൽവി തീർച്ചപ്പെടുത്തിയാൽ ചിലർ ആശ്രയിക്കുന്ന മാർഗമാണ് കള്ളപ്രചാരണങ്ങൾ. ഇക്കാര്യത്തിൽ അതീവ സാമർത്ഥ്യമുള്ളവരാണ് യുഡിഎഫുകാർ. അതില്‍ത്തന്നെ പ്രത്യേക പ്രാവീണ്യം യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളതായും പലരും പറയുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ആശയങ്ങൾ തമ്മിലാണ് ഏറ്റുമുട്ടേണ്ടത്. എന്തു പറഞ്ഞാലും ജനങ്ങൾ തങ്ങളെ കൈവിടും എന്ന് ബോധ്യമായവർ അവസാന ആശ്രയമായി കള്ളപ്രചാരവേലയ്ക്ക് പിന്നാലെ പോകുന്നതിനെ കഷ്ടം എന്നു മാത്രമേ പറയാനാവൂ. വടകര തീരുമാനമെടുത്തു കഴിഞ്ഞു. കെ കെ ശൈലജയായിരിക്കും അവിടെ വിജയിക്കുക. അത് ജനഹിതമാണ്. അതാണ് നാടിന്റെ തീരുമാമെന്നും അദ്ദേഹം പറഞ്ഞു. 

ബിനോയ് വിശ്വത്തിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കെ കെ ശൈലജയ്ക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ ജനരോഷമാണ് മണ്ഡലത്തിൽ നിറയുന്നത്. ഇതിനിടയിലും ഇത്തരം പ്രചാരണ വേലകൾ അവസാനിപ്പിക്കാതെ മുന്നോട്ട് പോവുകയാണ് യുഡിഎഫ്. 

Eng­lish Sum­ma­ry: Fake cam­paign of UDF in Vadakara in the name of Benoy Vishwat

You may also like this video

Exit mobile version