Site iconSite icon Janayugom Online

വ്യാജ കോടതി, സ്വയം പ്രഖ്യാപിത ജഡ്ജി; ഗുജറാത്തില്‍ കോടികളുടെ തട്ടിപ്പ്

വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ടോള്‍ പ്ലാസകള്‍ക്കും ബാങ്കിനും പിന്നാലെ രാജ്യത്ത് വ്യാജ കോടതികളും. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. നിരവധി ഭൂമിതര്‍ക്കങ്ങളില്‍ വിധി പുറപ്പെടുവിച്ച വ്യാജ കോടതിയുടെ പ്രവര്‍ത്തനമാണ് വെളിച്ചത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ ഗാന്ധിനഗര്‍ സ്വദേശിയായ മോറീസ് സാമുവല്‍ ക്രിസ്റ്റ്യൻ എന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ അഞ്ചര വർഷത്തോളമായി അഹമ്മദാബാദിൽ വ്യാജ കോടതി പ്രവൃത്തിച്ചിരുന്നതായി അഹമ്മദാബാദ് പൊലീസ് പറഞ്ഞു. ഭൂമി സംബന്ധമായ കാര്യങ്ങളിൽ ഇടപാടുകാർക്ക് അനുകൂലമായി വ്യാജ വിധികള്‍ പുറപ്പെടുവിച്ചാണ് മൗറീസ് സാമുവൽ ക്രിസ്റ്റ്യന്‍ തട്ടിപ്പ് നടത്തിയിരുന്നത്. 

സിറ്റി സിവില്‍ കോടതിയിലാണ് മൗറീസ് സാമുവലിന്റെ കോടതി മുറിയും പ്രവൃത്തിച്ചിരുന്നത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളുമായി കോടതിയിലേക്ക് എത്തുന്നവരെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അനുകൂല വിധി പുറപ്പെടുവിക്കാനായി 30 ലക്ഷം രൂപ പരാതിക്കാരില്‍ നിന്നും ഇയാള്‍ കൈപ്പറ്റിയിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കോടതി ഔദ്യോഗികമായി നിയമിച്ച മധ്യസ്ഥനാണ് താനെന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഇയാളുടെ തട്ടിപ്പ്. കോടതിയില്‍ അഭിഭാഷകരെയും മറ്റ് ജീവനക്കാരെയും ഇയാള്‍ നിയമിച്ചിരുന്നു. 

അഹമ്മദാബാദിലെ പാൽഡിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി താക്കൂർ ബാപ്പുജി ചാനാജി എന്നയാള്‍ക്ക് വിട്ടുനല്‍കിക്കൊണ്ട് ഇയാള്‍ നിയമവിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പിന്നാലെ സ്ഥലം വിട്ടുനല്‍കണമെന്ന ആവശ്യവുമായി സിവില്‍ കോടതിയില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോറീസിന്റെ വ്യാജ കോടതിയുടെ പ്രവര്‍ത്തനം പുറത്തുവന്നത്. ഇതോടെ സിവിൽ കോടതി രജിസ്ട്രാര്‍ ഹാർദിക് സാഗർ ദേശായി നൽകിയ പരാതിയില്‍ മോറീസ് സാമുവല്‍ പിടിയിലായി. 100 ലേറെ ഏക്കര്‍ സ്ഥലം ഉള്‍പ്പെടുന്ന 11 കേസുകളില്‍ ഇയാള്‍ നിയമവിരുദ്ധ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഗുജറാത്തില്‍ ദേശീയ പാതയ്‌ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ നിര്‍മിച്ച് ഒന്നരവര്‍ഷം കൊണ്ട് 75 കോടിയോളം രൂപ വ്യാജന്മാര്‍ തട്ടിയെടുത്തെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.

Exit mobile version