Site iconSite icon Janayugom Online

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻദാസ് മാപ്പുസാക്ഷിയായി

സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിതിരിവ്. കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിൻ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പു സാക്ഷിയാക്കിയാക്കുന്നതിൽ എതിപ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 

19 ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.സ്‌പേസ് പാർക്കിലെ നിയമനത്തിനായി സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബാ അംബേക്കർ യൂണിവേഴ്സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സംഭവത്തില്‍ കണ്ടോൻമെന്റ് പൊലീസാണ് സ്വപ്ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് പഞ്ചാബ് സ്വദേശിയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

സ്പേസ് പാര്‍ക്കിൽ സ്വപ്ന സുരേഷിനെ കൺസൾട്ടന്റായി നിയമിച്ചത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് കമ്പനിയാണ്. കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) അധീനതയിലുള്ള സ്പേസ് പാര്‍ക്കിലേക്ക് നിയമനം നടത്തുന്ന ഏജൻസിയായിരുന്നു പ്രൈസ് വാട്ടർ കൂപ്പേഴ്‌സ്. സ്വപ്ന സുരേഷിന് ജോലി ചെയ്ത കാലയളവിൽ നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐടിഐഎൽ, പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് കമ്പനിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ പണം നൽകാനാകില്ലെന്ന നിലപാടിലാണ് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ്. ഏറെ കോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന് പിന്നാലെയാണ് സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന വിവരവും പുറത്തുവന്നത്. 

Exit mobile version