Site icon Janayugom Online

വ്യാജ ഡിഗ്രി വിവാദം; നിഖിൽ തോമസിനെ സസ്‌പെൻഡ്‌ ചെയ്‌തുവെന്ന്‌ പ്രിൻസിപ്പൽ

വ്യാജ ഡിഗ്രി വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തതായി എംഎസ്എം കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ അറിയിച്ചു. നിഖിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡോ. മുഹമ്മദ് താഹ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിഖില്‍ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നു രജിസ്ട്രാറും വ്യക്തമാക്കി.

സർവകലാശാലാ രേഖകളിൽ പോലും ഇങ്ങനെ ഒരു പേരില്ലെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾ ആരംഭിക്കാൻ നിയമവിഭാഗത്തിനു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. നിഖിൽ തോമസിന്റെ എംകോം പ്രവേശനത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ പറഞ്ഞു. 

കോളജിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. നിഖിൽ തോമസിന് എംഎസ്എം കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നൽകിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ അജികുമാർ പറഞ്ഞു. നിഖിൽ തോമസിന് എതിരെ ഉയർന്നു വന്ന ആരോപണം സർവകലാശാല സിൻഡിക്കേറ്റ് ഗൗരവമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Fake Degree Con­tro­ver­sy; Prin­ci­pal said that Nikhil Thomas has been suspended

You may also like this video

Exit mobile version