Site iconSite icon Janayugom Online

തേഞ്ഞിപ്പലത്ത് വ്യാജ ഡീസല്‍ പിടികൂടി

കൊയപ്പപാടത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന 18000 ലിറ്റര്‍ അനധികൃത ഡീസല്‍ കൊണ്ടോട്ടി ഡിവൈഎസ്പി പി കെ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ ബേപ്പൂര്‍ തുറമുഖത്തു വെച്ച് രേഖകളില്ലാതെ ബോട്ടിലേക്ക് നിറക്കാന്‍ കൊണ്ടുവന്ന 6,000 ലിറ്റര്‍ വ്യാജ ഡീസല്‍ ഫറോക്ക് എസിപി കെ എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയും ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് റെയ്ഡ്. വയനാട് മേപ്പാടി സ്വദേശി കോട്ടപ്പാടി കോട്ടനാട് അബ്ദുല്‍ ലത്തീഫ് എന്നയാള്‍ കൊയപ്പ സ്വദേശി അബ്ദുല്‍ സലാമില്‍ നിന്നും വാടകക്ക് എടുത്ത കെട്ടിടത്തിലായിരുന്നു അനധികൃത ഡീസല്‍ വില്‍പ്പന. ആയിരം ലിറ്ററിന്റെ 26 ടാങ്കുകളിലുള്ളതില്‍ 19 ടാങ്കുകളിലായിരുന്നു ഇന്ധനമുണ്ടായിരുന്നത്. 

ഇവ മാറ്റി ഒഴിക്കുന്നതിനായി ഫ്‌ളോ മീറ്റര്‍ ഘടിപ്പിച്ച മൂന്ന് മോട്ടോറുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ജനവാസ മേഖലയില്‍ ഒട്ടും സുരക്ഷിതത്വമില്ലാത്ത രീതിയിലായിരുന്നു ഡീസല്‍ സൂക്ഷിച്ചിരുന്നത്. തേഞ്ഞിപ്പലം എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്ജ്, എസ്ഐമാരായ വിപിന്‍ പിള്ള, വിഷ്ണു, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സീനിയര്‍ സെയില്‍സ് മാനേജര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ജില്ലയില്‍ തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തോതില്‍ വ്യാജ ഡീസല്‍ വില്‍പ്പന നടത്തുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

Exit mobile version