Site iconSite icon Janayugom Online

ആമസോൺ കമ്പനിയുടെ പേരിൽ വ്യാജ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു

ടെക്നോളജി ഭീമനായ ആമസോണ്‍ കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. ദിവസം 3500 രൂപയോളം വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. പാർട്ട് ടൈമായോ ഫുൾ ടൈമായോ ജോലി ചെയ്യാമെന്നും ജോലിയിൽ മുൻപരിചയം ആവശ്യമില്ലെന്നും കാണിച്ചുള്ള പരസ്യങ്ങൾ വിശ്വസിച്ചാണ് നിരവധി ആളുകൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. പതിനായിരം മുതൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ട നിരവധി പരാതികളാണ് കോഴിക്കോട് സൈബർ സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളത്. ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ കമ്പനിയുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.

മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് വലിയ തോതിൽ വരുമാനമുണ്ടാക്കാമെന്ന പരസ്യം വിശ്വസിച്ചാണ് ആളുകൾ പരസ്യത്തിൽ കാണിച്ചിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത്. ജോലിക്ക് അപേക്ഷിക്കുന്നവരെക്കൊണ്ട് പതിനായിരം രൂപ നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിന് അൽപ കൂടിയ തുക തിരികെ നൽകും. രണ്ടാം ഘട്ടമായി അമ്പതിനായിരം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഈ തുക നിക്ഷേപിക്കുന്നവരാണ് വ്യാപകമായി കുഴപ്പത്തിലാവുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ തുക തിരികെ നൽകാൻ പ്രയാസമുണ്ടെന്നും അടുത്ത ഘട്ടമായ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ തുക നല്‍കാമെന്നുമാണ് വാഗദാനം. മുടക്കിയ പണം തിരികെ ലഭിക്കാനായി പലരും ഇത്തരത്തിൽ തുകകൾ നിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഓൺലൈൻ വഴിയാണ് നിലവിൽ സ്വകാര്യ ജോലികൾ പലതും ലഭിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഉത്തരേന്ത്യൻ തട്ടിപ്പ് സംഘങ്ങൾ സോഷ്യൽ മീഡിയ വഴി തട്ടിപ്പ് വ്യാപകമാക്കിയിരിക്കുന്നത്.

ജോലി വാഗ്ദാനം കണ്ട് ക്ലിക്ക് ചെയ്തപ്പോൾ ഫോൺ കോൾ വന്നെന്നും അവർ ലിങ്ക് അയച്ച് ഫോൺപേ, ഓൺലൈൻ ബാങ്കിങ് നമ്പറുകൾ രേഖപ്പെടുത്തി ഫോം പൂരിപ്പിച്ച് അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായ ഒരാൾ പ്രതികരിച്ചു. ഇത് പൂരിപ്പിച്ചതിന് പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാവുകയായിരുന്നു. ആമസോൺ വാർഷികാഘോഷത്തിന്റെ പേരിലുള്ള ഓഫറുകളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ കാണുന്നപാടെ അതിൽ കയറരുതെന്നും അന്വേഷിച്ച് ആധികാരികത ഉറപ്പ് വരുത്തണമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകാർ ആളുകളെ ബന്ധപ്പെടുന്നത് പലപ്പോഴും ഇന്റർനെറ്റ് കോളുകൾ വഴിയായതിനാൽ തിരിച്ചറിയുക പ്രയാസമാണ്. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സൈബർ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുന്നു.

Eng­lish Sum­ma­ry: Fake fraud groups in the name of Ama­zon company
You may also like this video

Exit mobile version