Site iconSite icon Janayugom Online

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: മുഖ്യപ്രതി അറസ്റ്റില്‍

youth congressyouth congress

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യകണ്ണി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് കാസർകോട് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജയ്സൺ മുകളേലിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി നിർദേശ പ്രകാരം ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിലെ പ്രധാനിയാണ് അറസ്റ്റിലായ ജയ്സണ്‍. സി ആർ കാർഡ് എന്ന മൊബൈൽ ആപ്പുപയോഗിച്ചാണ് ജയ്സൺ വ്യാപകമായി കാർഡുകൾ നിർമ്മിച്ചത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ജയ്സൺ കുറ്റം സമ്മതിച്ചിരുന്നു. തന്റെ കമ്പ്യൂട്ടർ സ്ഥാപനം കേന്ദ്രീകരിച്ചാണ് കാർഡുകൾ നിർമ്മിച്ചതെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമടക്കം ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയിരിക്കുകയാണ്. 

ജയ്സന്റെ സഹായി രാകേഷിനെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയ്സനെ പൊലീസ് ചോദ്യം ചെയ്തു. ആപ്ലിക്കേഷൻ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ ജയ്സനാണ് രാകേഷടക്കമുള്ളവർക്ക് പറഞ്ഞുകൊടുത്തത്.

കീഴടങ്ങി ചോദ്യം ചെയ്യലിന് വിധേയനായാൽ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം സെഷൻസ് കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ശേഷം ജയ്സനെ ജാമ്യത്തിൽ വിട്ടു. കേസിലെ മറ്റൊരു പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ രഞ്ജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പ്രത്യേകാന്വേഷണ സംഘത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചത്. 

Eng­lish Sum­ma­ry: Fake Iden­ti­ty Card: Main accused arrested

You may also like this video 

Exit mobile version