Site iconSite icon Janayugom Online

വ്യാജ ലഹരി കേസ്: മുഖ്യ ആസൂത്രക ലിവിയ ജോസിനെ നാട്ടിലെത്തിച്ചു

വ്യാജ ലഹരി കേസിൽ ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ കുടുക്കിയ സംഭവത്തിലെ മുഖ്യ ആസൂത്രക ലിവിയ ജോസിനെ നാട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രി 11:30 ഓട് കൂടിയാണ് ലിവിയയെ നാട്ടിലെത്തിച്ചത്. ലിവിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ലിവിയ കഴിഞ്ഞ ദിവസം പിടികൂടിയത്. ദുബായിൽ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു നീക്കം. ഇതിനിടയിലാണ് എസ്ഐടി ലിവിയയെ പിടികൂടിയത്. കേസിലെ മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം എൻ നാരായണദാസിനെ ബാം​ഗ്ലൂരിൽ നിന്ന്‌ നേരത്തെ പിടികൂടിയിരുന്നു. നാരായണദാസ് നിലവിൽ റിമാൻഡിലാണ്. കുടുംബ വഴക്കിനെ തുടർന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസിൽ കുടുക്കിയത്.

2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

Exit mobile version