Site iconSite icon Janayugom Online

വ്യാജവാര്‍ത്താ പ്രചാരണം: ബിജെപി തമിഴ്നാട് അധ്യക്ഷനെതിരെ കേസ്

കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്തു. തമിഴ്നാട്ടില്‍ കുടിയേറ്റ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജപ്രചാരണം നടത്തിയതിനാണ് കേസ്. ആളുകൾക്കിടയിൽ കലാപം സൃഷ്ടിച്ചതിനും കിംവദന്തികൾ പ്രചരിപ്പിച്ചതിനും സൈബര്‍ ക്രൈം വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസ്താവനയ്ക്കു പിന്നാലെ ഇദ്ദേഹം സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
വ്യാജ പ്രചരണത്തില്‍ ബിജെപി വക്താവും യുപി സ്വദേശിയുമായ പ്രശാന്ത് ഉമ്രാവോയ്ക്കും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുതമിഴ്‌നാട്ടിൽ ബിഹാറി കുടിയേറ്റക്കാർക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നതായി കഴിഞ്ഞ ആഴ്ച നിരവധി വ്യാജ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ഏറെക്കാലം മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളും തമിഴ്‌നാട് തൊഴിലാളികളും തമ്മില്‍ കോയമ്പത്തൂരില്‍ നടന്ന സംഘര്‍ഷങ്ങളുടെ മൊബൈല്‍ ദൃശ്യങ്ങള്‍, ട്രെയിനപകടത്തില്‍ മരിച്ച യുവാവിന്റെ ദൃശ്യം എന്നിവയാണ് തമിഴ്‌നാട്ടില്‍ ബിഹാര്‍ സ്വദേശികള്‍ക്ക് എതിരായി നടന്ന ആക്രമണം എന്നപേരില്‍ വ്യാപകമായി ബിജെപിക്കാര്‍ പ്രചരിപ്പിക്കുന്നത്. വ്യാജപ്രചരണത്തെ തുടർന്ന് തൊഴിലാളികൾ തമിഴ്നാട്ടിൽ നിന്ന് മടങ്ങുന്നത് തുടരുകയാണ്. അന്വേഷണത്തിനായി ബിഹാറിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ ചെന്നൈയിലെത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികള്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്തം ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ആണെന്നായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. ഉത്തരേന്ത്യക്കാര്‍ക്കെതിരായ ഡിഎംകെ നേതാക്കളുടെ പ്രസ്താവനകള്‍ താന്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും തന്റേടമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്നും കേസെടുത്തതിനോട് അണ്ണാമലൈ വെല്ലുവിളി ഉയര്‍ത്തി.
അതേസമയം ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുമെന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ദേശദ്രോഹികളാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Fake news cam­paign: Case against BJP Tamil Nadu president

You may also like this video

Exit mobile version