Site iconSite icon Janayugom Online

രാജ്യത്ത് പേവിഷബാധ വാക്സിന്റെ വ്യാജന്‍ പ്രചരിക്കുന്നു

രാജ്യത്തെ പ്രധാനനഗരങ്ങളില്‍ പേവിഷ ബാധാ വാക്സിന്റെ വ്യാജന്‍ പ്രചരിക്കുന്നു. ഡല്‍ഹി ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റാണ് (ഡിഡിസിഡി) ഇക്കാര്യം സ്ഥിരീകരിച്ചത്. മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും വ്യാജ വാക്സിന്‍ കണ്ടെത്തിയെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ഉല്പന്നമെന്ന വ്യാജ ലേബലിലാണ് വാക്സിന്‍ പ്രചരിക്കുന്നതെന്നും ഡിഡിസിഡി മുന്നറിയിപ്പില്‍ പറയുന്നു. കെഎ 24014 എന്ന ബാച്ച് നമ്പറിലുള്ള വ്യാജ വാക്സിനാണ് വിപണിയിലുള്ളത്. വ്യാജ വാക്സിന്‍ യഥാര്‍ത്ഥ വാക്സിനില്‍ നിന്നും വ്യത്യാസമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ (I) സിഡിഎസ് സിഒ (എന്‍ഫോഴ്സ്മെന്റ് ഡിവിഷന്‍ ) എന്നിവരുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് വ്യാജ വാക്സിന്‍ മുന്നറിയിപ്പുമായി ഡിഡിസിഡി രംഗത്ത് വന്നത്. ആവശ്യമായ കോള്‍ഡ് ചെയിന്‍ (2–8 ഡിഗ്രി സെന്റിഗ്രേഡ് ) പാലിക്കാത്ത വാക്സിന്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. വ്യാജ മരുന്ന് പേവിഷബാധയ്ക്കെതിരെ ഫലപ്രദമല്ല. വ്യാജ ഉല്പന്നം വാങ്ങുന്നവരും ഫാര്‍മസി ജീവനക്കാരും വിഷയം ഗൗരവമായി പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം.

വ്യാജ വാക്സിന്‍ സംബന്ധിച്ച എല്ലാ വിവരവും അധികൃതരെ ഉടനടി അറിയിക്കുന്നത് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഗുരുതര അനന്തരഫലം സംഭവിക്കുന്നത് തടയുകയും ചെയ്യുമെന്നും ഡിഡിസിഡി മുന്നറിയിപ്പ് നല്‍കുന്നു. അടുത്തിടെ രാജ്യത്ത് തെരുവു നായ അടക്കം കടിയേറ്റ പലരും ആന്റിറാബീസ് കുത്തിവെപ്പ് സ്വീകരിച്ചശേഷവും മരണപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ഏറെ പ്രചരിച്ച അഭയ്റാബ് ആന്റിറാബീസ് വാക്സിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധര്‍ വീക്ഷിക്കുന്നത്.

Exit mobile version