വിലത്തകർച്ച തിരിച്ചടിയായതോടെ സംസ്ഥാനത്തെ ഉൾനാടൻ മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ. ക്രിസ്മസ് കാലത്ത് വൻ വിറ്റുവരവ് പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് നിരാശയായിരുന്നു ഫലം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ രംഗത്ത് മത്സ്യോല്പാദനം കൂടിയിട്ടുണ്ട്.
വാള, റെഡ് ബെല്ലി, കട്ള, രോഹു, ഗ്രാസ് കാർപ്പ്, വാരൽ, തിലോപ്പിയ, കരിമീൻ തുടങ്ങിയ ഇനങ്ങൾക്കാണ് കൂടുതലായും വിപണിയിൽ ആവശ്യക്കാരുള്ളത്. എന്നാൽ കടൽ മത്സ്യങ്ങൾക്ക് ക്ഷാമം നേരിടുന്ന സമയത്ത് ഉൾനാടൻ മത്സ്യങ്ങൾക്ക് വില താഴുന്നതാണ് കണ്ടത്. 60 ശതമാനം വിലയിടിവാണ് ഇക്കാലത്ത് സംഭവിച്ചതെന്നാണ് കർഷകർ പറയുന്നത്.
മത്സ്യകയറ്റുമതി കുറഞ്ഞതും അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങൾ വൻതോതിൽ എത്തുന്നതും പ്രതിസന്ധി വർധിക്കാനിടയാക്കി. കരിമീന്‍ കിലോയ്ക്ക് 300 മുതൽ 400 രൂപയും തിലോപ്പിയയ്ക്ക് കിലോയ്ക്ക് 90 മുതൽ 200 രൂപ വരെയാണ് ലഭിക്കുന്നത്. വാള കിലോയ്ക്ക് 150 മുതൽ 200 രൂപ വരെയായിരുന്നു വില. എന്നാൽ ഇപ്പോൾ അത് 100 മുതൽ 150 ആയി കഴിഞ്ഞു. റെഡ് ബെല്ലിക്കും വില വളരെ താഴ്ന്നു. കിലോയ്ക്ക് 95 മുതൽ 200 രൂപവരെ കിട്ടിയിരുന്ന സ്ഥാനത്ത് അത് ഇപ്പോൾ 80 മുതൽ 150 രൂപ വരെയായി. കട്ള, രോഹു, ഗ്രാസ് കാർപ് എന്നിവയ്ക്ക് 90 രൂപമുതൽ 150 രൂപവരെയായി. വരാലിന് 200 രൂപമുതൽ 275 വരെയാണ്. തിലോപ്പിയ വില 60 മുതൽ 100 രൂപവരെയായി. വിലയിടിവ് കാരണം മത്സ്യകൃഷി നഷ്ടമായതോടെ കർഷകർ പലരും കടുത്ത സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുകയാണ്. ബാങ്കുകളിൽ നിന്നും വായ്പയെടുത്താണ് പലരും മത്സ്യകൃഷി നടത്തുന്നത്.
ഒരേക്കറിൽ മത്സ്യം ഇട്ടാൽ കുറഞ്ഞത് ആറുമാസം കഴിഞ്ഞു മാത്രമേ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. കുറഞ്ഞത് സ്വന്തം അധ്വാനത്തിനു പുറമെ രണ്ടുതൊഴിലാളികളെ എങ്കിലും നിർത്തണം. നിത്യേന ഒരാൾക്ക് കുറഞ്ഞത് 1000 രൂപ കൂലിയും ചെലവും കൊടുക്കണം. ഒരു മത്സ്യക്കുഞ്ഞിന് രണ്ട് രൂപ മുതൽ അഞ്ചു രൂപ വരെ വിലയുണ്ട്. 10,000 കുഞ്ഞുങ്ങളെ ഇട്ടാൽ പകുതിയോളം നഷ്ടപ്പെടും. മൂന്നു മാസം വരെ കൈത്തീറ്റ കൊടുക്കണം. മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനും കാലവർഷക്കെടുതിയിൽ നിന്നും രക്ഷ നേടാൻ ബണ്ട് സംരക്ഷണത്തിനും വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുകയും വേണം. ഫിഷറീസിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 65,968 കുടുംബങ്ങൾ ഉപജീവനത്തിനായി ഉൾനാടൻ മത്സ്യകൃഷിയെ ആശ്രയിക്കുന്നുണ്ട്.
English Summary: Falling prices backfire: Inland fisheries in crisis
You may also like this video