യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ 200ലധികം പേരെ വിജയിപ്പിച്ചുവെന്ന് തെറ്റായി പ്രചാരണം നടത്തിയെന്ന പരാതിയിൽ ശ്രീരാംസ് ഐഎഎസ് പരിശീലന അക്കാദമിക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി (സിസിപിഎ) മൂന്ന് ലക്ഷം രൂപ പിഴയിട്ടു. സ്ഥാപനത്തിന്റെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയ സിസിപിഎ, യഥാർത്ഥത്തിൽ 171 പേർ മാത്രമാണ് പരീക്ഷ പാസായത് എന്നും വ്യക്തമാക്കി.
ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരിലാണ് സ്ഥാപനത്തിന് പിഴ. വിജയിക്കുന്ന ഉദ്യോഗാർത്ഥികളുടെ ചിത്രങ്ങളും പേരുകളും പരസ്യത്തിൽ ഉപയോഗിച്ച് വിദ്യാർത്ഥികളെ ആകർഷിക്കുന്ന രീതി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പതിവ് തന്ത്രമാണ്. എന്നാൽ ഈ വിദ്യാർത്ഥികൾ ഏത് കോഴ്സുകൾ എടുത്തു, എത്ര കാലം പഠിച്ചു എന്ന വിവരങ്ങൾ പങ്കുവയ്ക്കാറില്ല.
ഈ സ്ഥാപനം പരസ്യത്തിൽ 200ലധികം പേരെ വിജയിപ്പിച്ചുവെന്നും ഇന്ത്യയിലെ മികച്ച ഐഎഎസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടാണെന്നും അവകാശപ്പെട്ടതായി പരാതിയിൽ പറയുന്നു. സ്ഥാപനം തങ്ങളുടെ മറുപടിയിൽ 171 വിജയികളുടെ വിവരങ്ങൾ മാത്രമാണ് നൽകിയത്. സിവിൽ സർവീസ് പരീക്ഷയിൽ മൂന്ന് ഘട്ടങ്ങൾ ഉണ്ടെന്നും, അതിൽ പ്രാഥമിക ഘട്ടം ഒരു തിരഞ്ഞെടുപ്പു പരീക്ഷ മാത്രമാണെന്നും സിസിപിഎ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.