Site iconSite icon Janayugom Online

സമസ്തക്കെതിരെ വ്യാജപ്രചാരണം; 12 പേർക്കെതിരെ കേസ്

സമസ്തയും സിഐസിയും തമ്മിലുള്ള ഭിന്നത നിയമപോരാട്ടത്തിലേക്ക്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും നേതാക്കൾക്കുമെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്ന പരാതിയിൽ സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയുൾപ്പെടെ 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി വ്യാജപ്രചരണം നടത്തുവെന്ന് ആരോപിച്ച് സമസ്ത പിആർഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി നൽകിയ പരാതിയിലാണ് തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഉമർകോയ, ഹക്കീം ഫൈസി ആദൃശേരി, യാസർ അരാഫത്ത് പാലത്തിങ്കൽ, എ എച്ച് കെ തൂത, അലി ഹുസൈൻ വാഫി, സുബൈർ വാഫി വള്ളിക്കാപ്പെറ്റ, മുഹമ്മദ് ഇക്ബാൽ, ഷെജിൽ ഷെജി, അക്തർ ഷാ നിഷാനി, നിഷാൽ പരപ്പനങ്ങാടി, മസ്റൂർ മുഹമ്മദ്, ലുക്മാൻ വാഫി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമസ്ത‑സിഐസി തർക്കത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ മധ്യസ്ഥശ്രമം നടക്കുന്നതിനിടയിലാണ് ഹക്കീം ഫൈസിക്കെതിരെ പരാതിയുമായി സമസ്ത രംഗത്തെത്തിയതും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും. 

ജൂലൈ 16ാം തിയതി മുതൽ ഒന്നാം പ്രതിയായ ഉമർക്കോയ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ ഔദ്യോഗിക പതാകയും മുൻ ജനറൽ സെക്രട്ടറിയുടെ ചിത്രവും ഫേസ്ബുക്ക് പ്രൊഫൈൽ പിക്ച്ചറായി ഉപയോഗിച്ചുകൊണ്ട് സംഘടനയെയും നേതാക്കളെയും പണ്ഡിതന്മാരെയും പറ്റി സമസ്തയുടെ പേരിൽ തെറ്റും വ്യാജവുമായ വാർത്തകൾ നൽകിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. രണ്ടാം പ്രതിയായ ഹക്കീം ഫൈസി ആദൃശേരി ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിച്ചെന്നും, പ്രതിപ്പട്ടികയിലെ മൂന്ന് മുതൽ 12 വരെയുള്ളവർ ഉമ്മർക്കോയയുടെ പോസ്റ്റിന് ലൈക്കടിച്ചും ഷെയർ ചെയ്തും അനുയായികൾക്കിടയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. 

സിഐസിയുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥയിൽ സോഷ്യൽ മീഡിയയിൽ സമസ്തക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ തള്ളിപ്പറയണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പാലിച്ചില്ലെന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കോഴിക്കോട് നടന്ന വാഫി ഫെസ്റ്റിൽ നിന്ന് സമസ്ത വിട്ടുനിന്നിരുന്നു. ആശയ വ്യതിചലനം ആരോപിച്ച് സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കുന്നതായി സമസ്ത നേരത്തെ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: False Pro­pa­gan­da against Samas­ta; Case against 12 people

You may also like this video

Exit mobile version