Site iconSite icon Janayugom Online

വിവരാവകാശ രേഖയെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം

വിവരാവകാശ നിയമത്തെ കൂട്ടുപിടിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. നാരായണന്‍കുട്ടി കെ എന്ന വ്യക്തിയുടെ പേരിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ പ്രചാരണം നടക്കുന്നത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തിനു ചുറ്റുമുള്ള ഫയര്‍ ഫൈറ്റിംഗ് സിസ്റ്റത്തെ ബന്ധപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിക്കുന്ന നാരായണന്‍കുട്ടിയും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും പൊതുസമൂഹത്തില്‍ നിന്നും ബോധപൂര്‍വ്വം സത്യങ്ങള്‍ മറച്ചുവെയ്ക്കുന്നു. 

തൃശൂര്‍ എംഎല്‍എയും കൃഷി വകുപ്പ് മന്ത്രിയുമായിരുന്ന വി എസ് സുനില്‍കുമാറിന്റെ 2016–2017 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചാണ് കേരളത്തില്‍ തന്നെ ആദ്യത്തെ സംവിധാനമായ ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം തേക്കിന്‍കാടിന് ചുറ്റും സ്ഥാപിച്ചത്. എന്നാൽ സുനിൽകുമാറിന്റെ 2016–17ലെ പ്രത്യേക വികസന ഫണ്ടിന്റെ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം ആരാഞ്ഞ ഇദ്ദേഹം അതു മനസിലാക്കിയിട്ടും കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. ആസ്തി വികസന ഫണ്ടും പ്രത്യേക വികസന ഫണ്ടും രണ്ടാണ്. പ്രത്യേക വികസന ഫണ്ടുപയോഗിച്ചാണോ പദ്ധതിയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന്, അല്ലയെന്നാണ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയിരിക്കുന്നത്. അതു 100 ശതമാനം ശരിയുമാണ്. കാരണം പ്രത്യേക വികസന ഫണ്ടുപയോഗിച്ചല്ല, മറിച്ച് ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് പദ്ധതി നടത്തിയത്. ചോദ്യത്തിന് കൃത്യവും സൂക്ഷ്മവുമായ മറുപടിയാണ് വിവരാവകാശ പ്രകാരം നല്‍കുക. ഈ സാഹചര്യത്തെ മുതലെടുത്താണ് ചില തല്പരകക്ഷികള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നത്. 

തൃശൂര്‍ പൂരം അപകടരഹിതമായും സുഗമമായും നടത്തുക ലക്ഷ്യമിട്ടാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. നിലവിൽ പ്രചരിക്കുന്ന കള്ളം പ്രബുദ്ധരായ മലയാളികള്‍ മനസിലാക്കും. 2016–17 ലെ എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ക്കും അറിയാനാകും. 

Eng­lish Sum­ma­ry: False pro­pa­gan­da in asso­ci­a­tion with the Right to Infor­ma­tion Act

You may also like this video

Exit mobile version