Site iconSite icon Janayugom Online

സോഷ്യൽ മീഡിയയിലേത് തെറ്റായ പ്രചാരണം; ആ ബോട്ട് അപകടം ഗോവയിലല്ല (വീഡിയോ)

ഗോവയിൽ ഒരു വലിയ ബോട്ട് മുങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ആ ബോട്ട് അപകടം നടന്നത് ആഫ്രിക്കന്‍ രാജ്യമായ കോംഗോയിൽ. ‘ഗോവൻ തീരത്ത് നടന്ന ബോട്ടപകടമെന്ന പേരിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഇത് തെറ്റാണ്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ഗോമ എന്ന സ്ഥലത്തുണ്ടായ അപകടമാണിത്. സത്യമാണെന്ന് ഉറപ്പുവരുത്താത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക’-ഗോവ പൊലീസ് എക്സിൽ പറഞ്ഞു. ഗോവയിൽ ബോട്ട് മറിഞ്ഞ് 64 പേരെ കാണാതാവുകയും 23 മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തെന്നാണ് പ്രചാരണം. ഒരു ബോട്ട് മുങ്ങുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട്.

അമിതമായി യാത്രക്കാരെ കയറ്റിയ ബോട്ടുടമയുടെ അത്യാഗ്രഹമാണ് അപകടത്തിന് കാരണമെന്നും പ്രചരിക്കുന്ന വിഡിയോയുടെ തലക്കെട്ടിൽ പറയുന്നു. എന്നാൽ, ഗോവയിൽ ഇത്തരമൊരു ദുരന്തം സമീപകാലത്തൊന്നും സംഭവിച്ചിട്ടില്ല. ഗോവയിൽ നടന്ന ബോട്ടപകടമെന്ന രീതിയിൽ പ്രചാരണം വ്യാപകമായതോടെ ഗോവ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. ആഫ്രിക്കൻ രാജ്യമായ കോംഗോയിലുണ്ടായ അപകടമാണ് ഗോവയിലേതെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിവു തടാകത്തില്‍ ആണ് കഴിഞ്ഞ ദിവസം ബോട്ട് മറിഞ്ഞ് 78 പേര്‍ മുങ്ങിമരിച്ചത്. 278 യാത്രക്കാരുമായി പോയ നിരവധി ഡെക്കുകളുള്ള ബോട്ടാണ് തകര്‍ന്നത്.തുറമുഖത്ത് നിന്ന് 700 മീറ്റര്‍ അകലെയാണ് ബോട്ട് മറിഞ്ഞത്. വ്യാഴാഴ്ചയാണ് കിവു തടാകത്തില്‍ അപകടം നടന്നത്.

Exit mobile version