Site iconSite icon Janayugom Online

കടുവ പിടിച്ചെന്ന് വ്യാജ പ്രചാരണം; ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഭാര്യ പിടിയിൽ

ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം കടുവ പിടിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ ഭാര്യ പൊലീസ് പിടിയിൽ. വനം വകുപ്പ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാനാണ് ഈ ക്രൂരകൃത്യം ചെയ്തത്. മൈസൂരുവിലെ ഹുൻസൂർ താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാഗരഹോള കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം താമസിക്കുന്ന വെങ്കിട സ്വാമിയെ(45) ഭാര്യ സല്ലാപുരി(37) ആണ് കൊലപ്പെടുത്തിയത്. 

സെപ്റ്റംബർ എട്ടിന് രാത്രി 10.30 മുതൽ ഭർത്താവിനെ കാണാനില്ലെന്ന് സല്ലാപുരി പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ ഒരു ശബ്ദം കേട്ട് ടോർച്ചുമായി പുറത്തിറങ്ങിയ വെങ്കിട സ്വാമി പിന്നീട് തിരിച്ചുവന്നില്ലെന്നായിരുന്നു അവരുടെ മൊഴി. സമീപ ദിവസങ്ങളിൽ പ്രദേശത്ത് കടുവയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നതിനാൽ ഇത് മുതലെടുത്താണ് സല്ലാപുരി ഭർത്താവിനെ കൊല്ലാൻ പദ്ധതിയിട്ടത്. സല്ലാപുരി പറയുന്നത് വിശ്വസിച്ച് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. എന്നാൽ, അന്വേഷണത്തിനിടെ പൊലീസിൻ്റെ ശ്രദ്ധ സല്ലാപുരിയുടെ വീടിന് പിന്നിലെ ഇളകിക്കിടക്കുന്ന മണ്ണിൽ പതിഞ്ഞു. ഒരാളെ വലിച്ചിഴച്ച പാടുകളും ഇവിടെയുണ്ടായിരുന്നു. സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് ചാണകക്കുഴിയിൽ വെങ്കിട സ്വാമിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഭക്ഷണത്തിൽ വിഷം ചേർത്താണ് സല്ലാപുരി ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് വനം വകുപ്പ് നൽകുന്ന 15 ലക്ഷം രൂപ നഷ്ടപരിഹാരം തട്ടിയെടുക്കുകയായിരുന്നു കൊലപാതകത്തിൻ്റെ ലക്ഷ്യം.

Exit mobile version