അഫ്ഗാനിസ്ഥാനില്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഭക്ഷണത്തിനായി കുട്ടികളെ വില്‍ക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളതെന്നും യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കുന്നു. അഫ്ഗാനിലെ മാനുഷിക പ്രതിസന്ധിയില്‍ ആശങ്കയുണ്ടെന്നും ഫുഡ് പ്രോഗാം മേധാവി ഡേവിഡ് ബാസ്‍ലി പറഞ്ഞു . രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരും പട്ടിണിയിലായതിനാൽ, അഫ്ഗാനിസ്ഥാനിലേക്കുള്ള സഹായം വേഗത്തിലാക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
താലിബാന്‍ അധിനിവേശവും കോവിഡ് വ്യാപനവും സാമ്പത്തിക തകര്‍ച്ചയും ഉള്‍പ്പെടെ അഫ്ഗാന്‍ ജനത നാളുകളായി ദുരിതമനുഭവിക്കുകയാണ്. ഏകദേശം 24 ദശലക്ഷം ആളുകളെയാണ് ഭക്ഷ്യ അരക്ഷിതാവസ്ഥ ബാധിച്ചിട്ടുള്ളത്. ജനസംഖ്യയുടെ 97 ശതമാനവും ഈ വര്‍ഷം ദാരിദ്രരേഖയ്ക്ക് താഴയാകുമെന്നാണ് നിഗമനം. താലിബാനുമായുളള 20 വര്‍ഷക്കാലത്തെ സംഘര്‍ഷങ്ങള്‍ ഇതിനോടകം അഫ്ഗാനിസ്ഥാനെ ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നായി മാറ്റിയിട്ടുണ്ട്. ദുരന്തസമാനമായ സാഹചര്യമാണ് അഫ്ഗാന്‍ ഇപ്പോള്‍ നേരിടുന്നത്. 40 ദശലക്ഷം ആളുകളില്‍ 24 ദശലക്ഷം പേരും പട്ടിണിയിലാണെന്നതാണ് വസ്തുത.
താലിബാന്‍ അധിനിവേശത്തിനുശേഷം യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമ്പത്തിക സഹായങ്ങള്‍ അവസാനിപ്പിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ നിലവിലുള്ള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങളിലെ സമ്പന്നരോടാണ് യുഎന്‍ സഹായം ആവശ്യപ്പെടുന്നത്. കോവിഡ് വ്യാപനത്തിനിടയിലും ലോകത്തിലെ ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ പ്രതിദിനം 5.2 ബില്യണ്‍ ഡോളറിലധികം വര്‍ധനവാണുണ്ടായത്. അഫ്ഗാനിലെ പ്രതിസന്ധികള്‍ക്കായി പ്രതിദിന ആസ്തി വര്‍ധനവിന്റെ ഒരംശം മാത്രമേ ആവശ്യമുള്ളുവെന്നും യുഎന്‍ വ്യക്തമാക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നോർവേ, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധികള്‍ താലിബാൻ പ്രതിനിധികളുമായും സിവിൽ സൊസൈറ്റി അംഗങ്ങളുമായും ജനുവരി 24 ന് ഓസ്‍ലോയിൽ യോഗം ചേർന്ന് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു.
ENGLISH SUMMARY:Famine in Afghanistan; People were forced to sell even children
You may also like this video