Site icon Janayugom Online

ബംഗാളിലെ ദശലക്ഷംപേരെ കൊന്നൊടുക്കിയ പട്ടിണി; ചരിത്രം മറനീക്കുമ്പോള്‍

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ചരിത്ര രേഖകള്‍ ഉറങ്ങുന്ന മണ്ണാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട പശ്ചിമ ബംഗാള്‍. നിരവധി മനുഷ്യരുടെ ജീവൻ അപഹരിച്ച യുദ്ധകാലംപോലും ബംഗാളിലെ നൊമ്പരപ്പെടുത്തുന്ന ചരിത്രമായി. 80 വര്‍ഷം മുമ്പായിരുന്നു യുദ്ധം. യുദ്ധം വരുത്തി വച്ച ആഘാതത്തിന്റെ മായാത്ത ഓര്‍മ്മകളില്‍ ഇപ്പോഴും ആയിരങ്ങള്‍ ഇവിടെ ജീവിക്കുന്നു. ജീവിക്കുന്ന രക്തസാക്ഷികള്‍ എന്നു തന്നെ പറയാം. എന്നാല്‍ മരണമടഞ്ഞവരുടെ യാതൊരു സ്മാരകങ്ങളും ബംഗാളിന്റെ മണ്ണുകളില്‍ ഇന്ന് അവശേഷിക്കുന്നില്ല. പട്ടിണിമൂലം മരിച്ച നിരവധി ജനങ്ങളുടെ കഥകള്‍ക്കൊപ്പം അവരുടെ ചരിത്രങ്ങളും മാഞ്ഞുപോയി.

1942 ലാണ് തുടക്കം. ജാപ്പനീസ് സൈന്യം മ്യാൻമറില്‍ കാലുകുത്തിയപ്പോള്‍ ബംഗാളിനെയും കീഴ്പെടുത്തുമോയെന്ന് ലണ്ടൻ ആശങ്കപെട്ടിരുന്നു. അതുകൊണ്ട് അവര്‍ ബംഗാളിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായ ചെറുബോട്ടുകളും ധാന്യശേഖരവും നശിപ്പിച്ചു. അക്കാലത്ത് സമ്പൂര്‍ണ ഭക്ഷ്യക്ഷാമം ഇല്ലാതിരുന്നിട്ടുകൂടി മൂന്ന് ദശലക്ഷം ആളുകള്‍ ബംഗാളില്‍ പട്ടിണി മൂലം മരിച്ചു. ഏറ്റവും വലിയ ദുരന്തമാണെന്നാണ് അന്നത്തെ വൈസ്രോയി ലോര്‍ഡ് വേവല്‍ അതിനെ വിശേഷിപ്പിച്ചത്. എന്നാൽ ലണ്ടന് മൗനമായിരുന്നു മറുപടി. കാരണം ഭക്ഷണ പാക്കറ്റുകള്‍ എത്തിക്കാൻ കപ്പലുകള്‍ ഉണ്ടായിരുന്നില്ല.

ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റണ്‍ ചര്‍ച്ചിലിന്റെ കാലത്തായിരുന്നു ബംഗാള്‍ ക്ഷാമം. ഒരു ജനതയ്ക്ക് ആവശ്യമായ ധാന്യങ്ങള്‍ പൂഴ്ത്തിവച്ചതും പട്ടിണി കിടക്കുന്ന കര്‍ഷകര്‍ക്ക് ഒരു ചാക്ക് അരി നല്കി ആകെയുള്ള ഭൂമി തട്ടിയെടുത്തതും ദളിത് പെണ്‍കുട്ടികളെ ബ്രിട്ടീഷ് മുതലാളിമാര്‍ക്ക് കാഴ്ച്ചവച്ചതും ഒന്നും ബ്രിട്ടീഷുകാരല്ല എന്നായിരുന്നു അവകാശവാദം. പക്ഷെ ബ്രിട്ടീഷുകാര്‍ തങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റെടുത്തെ മതിയാകൂ.

ചരിത്രത്താളുകളില്‍ നിന്ന് ദുരന്തം തുടച്ചുനീക്കിയതിൽ ജാതിവിവേചനത്തിനും പങ്കുണ്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പോലെ കഴിവുള്ളവര്‍ അതിജീവിക്കും അല്ലാത്തവര്‍ മരണത്തിന് കീഴ്പ്പെടും. അന്നത്തെ കാലത്തും ഇത് തന്നെയാണ് സംഭവിച്ചത്. സമ്പന്നര്‍ പട്ടിണിയെ അതിജീവിച്ചു. എന്നത്തേയും പോലെ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും കൊല്‍ക്കത്തയിലും മറ്റ് പട്ടണങ്ങളിലും കുടിയേറി പാര്‍ത്തു, ഇപ്പോഴും ജീവച്ചുകൊണ്ടിരിക്കുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ അവര്‍ക്ക് പേരും ചാര്‍ത്തി, കുടിയേറ്റക്കാര്‍.

എന്നാല്‍ ക്ഷാമം അവരെ വിട്ടുപോയില്ല. കല്‍ക്കട്ട തെരുവകളിലൂടെ കടന്നു പോകുന്ന മെലിഞ്ഞ വ്യക്തികള്‍ പിന്നീട് ഒരു ദിവസം ആയിരത്തോളം മൃതദേഹങ്ങളുടെ കൂട്ടത്തിലാണ് കാണപ്പെട്ടത്. അവരുടെ ശവങ്ങൾ കഴുകന്മാർക്ക് ആഹാരമായി. അരി പാകം ചെയ്ത അല്പം വെള്ളത്തിനു വേണ്ടി സ്ത്രീകൾ വീടുകള്‍ തോറും യാചിച്ചു . കുട്ടികളും സ്ത്രീകളമടക്കമുള്ള ജനത കഴുകൻമാരുടെ കണ്ണിലെ ഇരകൾ മാത്രമായി മാറി കഴിഞ്ഞിരുന്നു. എന്നാൽ മറു വശത്ത് ബ്രീട്ടിഷ് അധികാരികള്‍ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിച്ചത്.

കല്‍ക്കട്ടയിലെ അന്നത്തെ സ്റ്റേസ്‍മാൻ പത്രത്തിന്റെ എഡിറ്റര്‍ ഇയാൻ സ്റ്റീഫൻസ് തന്റെ ഫോട്ടോഗ്രാഫര്‍മാരെ തെരുവോരങ്ങളിലേക്ക് അയച്ചു. മരണാസന്നമായ പട്ടിണി ബാധിതരുടെ ചിത്രങ്ങള്‍ എടുത്തെങ്കിലും പ്രസിദ്ധീകരിക്കാനായില്ല. ചിത്തപ്രസാദ് ഭട്ടാചാര്യ പുറത്തിറക്കിയ ഹഗ്രി ബംഗാളും ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. പുസ്തകം ബംഗാളിന്റെ ദൈന്യതയടങ്ങിയ തീവ്രമായ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നാരോപിച്ചായിരുന്നു പിടിച്ചെടുക്കല്‍. അക്കാലത്ത് പ്രതിസന്ധിയെ തുറന്നുകട്ടാൻ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് സിസ്റ്റം (ബിബിസി) ശ്രമിച്ചെങ്കിലും ബിബിസിയും സമ്മര്‍ദ്ദത്തിലായി.

ക്ഷാമത്തിന്റെ ആഘാതം ആദ്യ തലമുറയെ ഒരുപാട് ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഓഗസ്റ്റ് 15 1947ന് ഇന്ത്യ സ്വതന്ത്ര രാജ്യമായപ്പോള്‍ പട്ടിണി ക്ഷാമം ഉണ്ടാകില്ല എന്ന ഉറപ്പ് നല്കിയിട്ടും ഇപ്പോഴും പട്ടിണിയിലമർന്ന രാജ്യങ്ങളുടെ കണക്കെടുത്താല്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

ചരിത്രങ്ങളിലുറങ്ങുന്നത് ഇന്നും മഹത്വവല്‍ക്കരിക്കപ്പെട്ടവരുടെ ഓര്‍മ്മകള്‍ മാത്രമാണ്. അതാണ് എന്നും ചരിത്രമായി മാറുന്നതും. ദുരന്തങ്ങളില്‍ നേര്‍സാക്ഷികളായി നിന്നവര്‍ക്കെല്ലാവര്‍ക്കും ചരിത്രത്തിലിടംപിടിക്കാൻ കഴിയില്ലല്ലോ.. അതുകൊണ്ടുകൂടിയാണ് ചരിത്രന്വേഷികള്‍ ഇന്നും പശ്ചിമബംഗാളിലെ പട്ടിണി മരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ അലയുന്നതും.

Exit mobile version