ഫ്രഞ്ച് നവതരംഗ ചലച്ചിത്രരംഗത്തിന്റെ അമരക്കാരൻ ഴാങ്-ലുക് ഗൊദാർദ് അന്തരിച്ചു. 91 വയസായിരുന്നു.
രാഷ്ട്രീയ ചലച്ചിത്രങ്ങളുടെ ശക്തനായ പ്രയോക്താവായ ഗൊദാര്‍ദ് സംവിധായകന്‍, ചലച്ചിത്ര നിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ്. ബ്രത്‍ലസ്, കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ, വീക്കെന്‍ഡ്, ആല്‍ഫവില്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. ഇടതുപക്ഷ വീക്ഷണങ്ങളില്‍ ഒരിക്കലും ഒത്തുതീര്‍പ്പിലെത്താത്തതാണ് ഗൊദാര്‍ദ് ചിത്രങ്ങളുടെ സവിശേഷത.
1950–60 കാലഘട്ടങ്ങളിൽ ഫ്രഞ്ച് സിനിമയിൽ മാറ്റത്തിന്റെ വന്‍ അലയൊലികളാണ് ഗൊദാര്‍ദ് സൃഷ്ടിച്ചത്. ആദ്യസിനിമയായ ബ്രത്‌ലസ്, കണ്ടംപ്റ്റ് എന്നിവ ലോകസിനിമയിൽ തന്നെ മാറ്റത്തിന് വഴിയൊരുക്കി.
1930 ഡിസംബർ മൂന്നിന് പാരിസിലെ ഫ്രഞ്ച്-സ്വിസ് കുടുംബത്തിലാണ് ഗൊദർദിന്റെ ജനനം. സ്വിറ്റ്സര്‍ലന്‍ഡിലെ നിയോണില്‍ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പാരിസിലെത്തി. സോർബോൺ സർവകലാശാലയിൽനിന്ന് നരവംശശാസ്ത്രത്തിൽ ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് ഫിലിം ക്ലബുകളുടെ സജീവപ്രവർത്തകനായി. 1950കളിൽ സുഹൃത്തുക്കളും പിന്നീട് ഫ്രഞ്ച് സിനിമയിലെ മഹാരഥന്മാരുമായ ഫ്രാന്‍സ്വെ ട്രോഫെ, ജാക്വസ് റിവെറ്റെ, എറിക് റോമെര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് കുറച്ചുകാലം ഒരു സിനിമാ മാസികയും നടത്തി. തുടര്‍ന്ന് പ്രധാന ഫ്രഞ്ച് സിനിമാ മാസികകളില്‍ എഴുത്തുകാരനായി.
1951 ല്‍ റിവെറ്റെ, റോമെര്‍ എന്നിവര്‍ക്കൊപ്പം രണ്ട് ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ആദ്യചിത്രത്തിനായി ജോലികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ട്രോഫെയുടെ കഥയെ ആസ്പദമാക്കി 1960 ലാണ് ബ്രത്‌ലസ് പുറത്തിറങ്ങിയത്. ഫ്രഞ്ച് നവതരംഗ സിനിമയിലെ നാഴികക്കല്ലുകളിലൊന്നായി ഈ ചലച്ചിത്രം വിശേഷിപ്പിക്കപ്പെടുന്നു.
1961 ല്‍ ഡാനിഷ് മോഡലും നടിയുമായ അന്ന കരിനയെ വിവാഹം കഴിച്ചു. ഗൊദാര്‍ദിന്റെ നിരവധി ചലച്ചിത്രങ്ങളില്‍ അന്ന കരിന അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അവസാന കാലം സ്വിറ്റ്സര്‍ലന്‍ഡിലെ റൊല്ലെ നഗരത്തിലായിരുന്നു ചെലവഴിച്ചിരുന്നത്. യൂറോപ്യന്‍ ഫിലിം അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഹോണററി ഓസ്കര്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചുവെങ്കിലും സ്വീകരിക്കാനെത്തിയില്ല. 2021 ലെ ഐഎഫ്എഫ്‌കെയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ഗൊദാര്‍ദിനായിരുന്നു സമര്‍പ്പിച്ചത്.
English Summary:Famous French director Jean-Luc Godard has passed away
You may also like this video