Site iconSite icon Janayugom Online

ആരാധകരും കൈവിടുന്നു; ധോണി വിരമിച്ചേക്കും

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്രസിങ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കും. ഈ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് ടീമില്‍ നിന്ന് മാറിനില്‍ക്കാന്‍ ധോണി ആലോചിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2019ല്‍ വിരമിച്ച ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ പിന്നീടുള്ള ഓരോ ഐപിഎല്‍ സീസണുകളിലും ഉയരാറുണ്ട്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 26 പന്തില്‍ 30 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. കഴിഞ്ഞ സീസണുകളിലെല്ലാം തന്നെ അവസാന ഓവറുകളിലെത്തി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ധോണിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ ബാറ്റിങ് നിര സ്ഥിരമായി തകരുന്നതിനാല്‍ തന്നെ ടീമിന് ഉപയോഗപ്രദമായ ഇന്നിങ്ങ്‌സുകളൊന്നും തന്നെ കളിക്കാന്‍ ധോണിക്കാവുന്നില്ല. ധോണി ടീമിനു ബാധ്യതയാകുന്നെന്ന വിമര്‍ശനം ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് അടുത്ത മത്സരങ്ങളില്‍ നിന്ന് ധോണി സ്വയം മാറിനില്‍ക്കാനാണ് സാധ്യത. ശനിയാഴ്ച ഡല്‍ഹിക്കെതിരായ മത്സരം കാണാന്‍ ധോണിയുടെ അച്ഛനും അമ്മയും എത്തിയിരുന്നു. ഇവരെ കണ്ടതോടെയാണ് വിരമിക്കല്‍ വാര്‍ത്തയെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ വീണ്ടും സജീവമായത്. 

ഈ സീസണിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിലും തോറ്റ ചെന്നൈ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്.ഈ സീസണില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ധോണി ഇതുവരെ നേടിയിരിക്കുന്നത് വെറും 76 റണ്‍സ് മാത്രമാണ്. 138.18 ആണ് സ്‌ട്രൈക്ക് റേറ്റ്. നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാന്‍ എത്തിയിട്ടും ബൗണ്ടറികള്‍ നേടാന്‍ താരത്തിനു സാധിക്കുന്നില്ല. ഈ സീസണില്‍ ഇതുവരെ 55 പന്തുകള്‍ നേരിട്ട ധോണിക്ക് നാല് സിക്സുകളാണ് ആകെ അടിക്കാന്‍ സാധിച്ചത്. ചെന്നൈയുടെ തോല്‍വികളില്‍ ധോണിയുടെ മെല്ലെപ്പോക്ക് ഇന്നിങ്‌സുകളും ഒരു കാരണമാണെന്ന് ചെന്നൈ മാനേജ്‌മെന്റ് തന്നെ സമ്മതിക്കുന്നു. പ്ലേയിങ് ഇലവനില്‍ നിന്ന് മാറിനില്‍ക്കാന്‍ മാനേജ്‌മെന്റ് ധോണിയോട് ആവശ്യപ്പെട്ടില്ല. മറിച്ച്‌ ഇക്കാര്യത്തില്‍ ധോണി ഉചിതമായ തീരുമാനമെടുത്ത് സ്വയം മാറിനില്‍ക്കട്ടെ എന്നാണ് മാനേജ്‌മെന്റില്‍ പലരുടെയും അഭിപ്രായം. മുന്‍ താരങ്ങളും ധോണി വിരമിക്കണമെന്ന അഭിപ്രായം പങ്കുവയ്ക്കുന്നു. 2023ല്‍ ധോണി വിരമിക്കേണ്ടതായിരുന്നുവെന്ന് മുൻ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ മനോജ് തിവാരി പറഞ്ഞു. ഒരിക്കല്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ആധിപത്യം മങ്ങുകയാണ്, ആരാധകർ നിരാശരാണെന്നും തിവാരി അഭിപ്രായപ്പെട്ടു. 

Exit mobile version