ജോര്‍ജിയന്‍ തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ, പാശ്ചാത്യ വിരുദ്ധ നേതാവ് മിഖൈൽ കവെലാഷ്‌വിലിക്ക് ജയം. ഹാജരായ 225 ഇലക്‌ടർമാരിൽ 224 പേരുടെ വോട്ടാണ് കവെലാഷ്‍വിലിക്ക് ലഭിച്ചത്. ജോർജിയൻ ഡ്രീം പാർട്ടി നാമനിർദേശം ചെയ്ത മിഖൈൽ കവെലാഷ്‌വിലി മാത്രമായിരുന്നു ശനിയാഴ്ചത്തെ വോട്ടെടുപ്പിൽ മത്സരിച്ച ഏക സ്ഥാനാർത്ഥി. ഒക്‌ടോബർ 26ന് നടന്ന വോട്ടെടുപ്പിൽ 150ൽ 89 സീറ്റുകൾ നേടിയാണ് പാര്‍ലമെന്റിന്റെ നിയന്ത്രണം നിലനിര്‍ത്തിയത്. റഷ്യന്‍ സഹായത്തോടെ ഡ്രീം പാര്‍ട്ടി വോട്ടിങ്ങില്‍ കൃത്രിമം നടത്തിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ബഹിഷ്കരിച്ച പ്രതിപക്ഷം, പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. പാർലമെന്റ്, മുനിസിപ്പൽ കൗൺസിലുകൾ, സംസ്ഥാന നിയമസഭാ അംഗങ്ങൾ എന്നിവരുള്‍പ്പെടുന്ന 300 സീറ്റുകളുള്ള, ഡ്രീം പാര്‍ട്ടി നിയന്ത്രിത ഇലക്ടറൽ കോളജില്‍ കവെലാഷ്‍വിലി വിജയിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. 2017ല്‍ ഡ്രീം പാര്‍ട്ടി സര്‍ക്കാരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇലക്ടറല്‍ കോളജ് സംവിധാനം അവതരിപ്പിച്ചത്. അതേസമയം, ഇലക്ടറല്‍ കോളജ് തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസാധുത ലഭിക്കാത്ത ഒരു പാർലമെന്റിനെക്കാൾ, ജനങ്ങൾ വോട്ട് ചെയ്യുന്ന നിയമപരമായ പ്രസിഡന്റിനെ രാജ്യത്തിന് ആവശ്യമാണെന്ന് പ്രസിഡന്റ് സലോമി സുറാബിച്വിലി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ നിയമ സാധുതയ്ക്കെതിരെ സുറാബിച്വിലി നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതിനു മുമ്പ് പ്രസിഡന്റിനെ തെരഞ്ഞെടുത്ത നടപടി ഭരണഘടനാ വിരുദ്ധമാണെന്നും നിരീക്ഷര്‍ പറയുന്നു.