Site icon Janayugom Online

കുട്ടികള്‍ക്കുള്ള യാത്രാ നിരക്ക് വര്‍ധന: റെയില്‍വേ നേടിയത് 2,800 കോടി

കുട്ടികള്‍ക്കുള്ള യാത്രാ നിരക്ക് വഴി ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യൻ റെയില്‍വേ നേടിയത് 2,800 കോടി രൂപയുടെ അധിക വരുമാനം. 2022–23 ല്‍ മാത്രം അധിക വരുമാനമായി റെയില്‍വേക്ക് ലഭിച്ചത് 560 കോടി രൂപയാണെന്നും വിവരാവകാശ നിയമപ്രകാരം സെന്റര്‍ ഫോര്‍ റെയില്‍വേ ഇൻഫര്‍മേഷൻ സിസ്റ്റംസ് നല്‍കിയ മറുപടിയില്‍ പറയുന്നു.
2016 മുതല്‍ 23 വരെയുള്ള സാമ്പത്തിക വര്‍ഷം തിരിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്. 2016 മാര്‍ച്ചിലാണ് റെയില്‍വേ കുട്ടികളുടെ യാത്രാ നിരക്കില്‍ മാറ്റം വരുത്തിയത്. അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമായ കുട്ടികള്‍ക്ക് പ്രത്യേക സീറ്റുകളോ, ബെര്‍ത്തോ റിസര്‍വ് ചെയ്യണമെങ്കില്‍ മുതിര്‍ന്നവരുടെ നിരക്കു തന്നെ ഈടാക്കുന്നതായിരുന്നു റെയില്‍വെയുടെ ഭേദഗതി.

നേരത്തെ ഈപ്രായത്തിലുള്ള കുട്ടികള്‍ക്ക് പകുതി നിരക്കായിരുന്നു ഈടാക്കിയിരുന്നത്. പുതിയ ചട്ടപ്രകാരം പകുതി നിരക്കില്‍ യാത്ര ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും പ്രത്യേക സീറ്റോ ബെര്‍ത്തോ കിട്ടില്ല.
പുതുക്കിയ മാനദണ്ഡങ്ങള്‍ 2016 ഏപ്രില്‍ 21 മുതല്‍ പ്രാബല്യത്തില്‍ വന്നു. ദീർഘദൂര യാത്രയ്ക്ക് കുട്ടിയും മുതിർന്നയാളും ഒരു ബെർത്തിൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ കൂടുതൽ പേരും കുട്ടികൾക്ക് പ്രത്യേക ബെർത്ത് റിസർവ് ചെയ്യും. ഇക്കാലയളവില്‍ യാത്രക്കാരായ കുട്ടികളില്‍ 70 ശതമാനവും മുഴുവൻ നിരക്കും നല്‍കിയവരാണ്. 3.6 കോടി കുട്ടികള്‍ മാത്രം പകുതിനിരക്കില്‍ യാത്ര ചെയ്തതായും കണക്കുകളില്‍ പറയുന്നു.

Eng­lish summary;Fare hike for chil­dren: Rail­ways earns Rs 2,800 crore

you may also like this video;

Exit mobile version