ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്ന് വിശ്വാസിലക്ഷങ്ങള്‍ വിട നല്‍കും. അന്തിമോപചാരം അർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വത്തിക്കാനിലേക്ക് വിശ്വാസികളുടെയും ലോകനേതാക്കളുടെയും പ്രവാഹം തുടരുന്നു. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ കർദിനാൾ ഡീൻ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാർമ്മികത്വം വഹിക്കും. സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു വത്തിക്കാനിലെത്തി. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ പീറ്റർ ഡിസൂസയും പ്രതിനിധി സംഘത്തിലുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ കർദിനാൾ മാർ ക്ലിമീസ് കാതോലിക്ക ബാവയും മാർ ജോർജ് കൂവക്കാടും മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.
ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ഇന്ന് വിട

