Site iconSite icon Janayugom Online

കര്‍ഷ സമരം: വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

കര്‍ഷ സമരവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച ഈമാസം 19ന് വീണ്ടും നടക്കാനിരിക്കെയാണ് കോടതി നടപടി. ഇതുവരെ രണ്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് വിലയിരുത്തിയ ബെഞ്ച് മൂന്നാം ഘട്ട ചർച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിരാഹാരമനുഷ്ഠിക്കുന്ന ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാത്തത് ഉള്‍പ്പെടെയുള്ള പഞ്ചാബ് സർക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. 

ഒരുവര്‍ഷത്തിനിടെ ആറ് യോഗങ്ങളാണ് നടന്നിട്ടുള്ളത്. കഴിഞ്ഞമാസം 23നാണ് ഏറ്റവുമൊടുവില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ പഞ്ചാബിലെ മന്ത്രിമാർ പങ്കെടുത്തതായും കോടതിയെ അറിയിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്‌ജി നവാബ് സിങ്ങിന്റെ അധ്യക്ഷതയില്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് യോഗങ്ങൾക്കുള്ള വേദി ഒരുക്കുന്നത്. സര്‍ക്കാരിനും കര്‍ഷകര്‍ക്കുമിടയിലെ മധ്യസ്ഥരായാണ് സമിതി പ്രവര്‍ത്തിക്കുന്നത്. സമിതിയുടെ പ്രവർത്തനത്തെ ബെഞ്ച് അഭിനന്ദിക്കുകയും ഇടക്കാല റിപ്പോർട്ട് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം വിളകൾക്ക്‌ താങ്ങുവില(എംഎസ്‌പി) സംബന്ധിച്ച കാര്യങ്ങൾ ധാരണയാകാത്തതിനാൽ കേന്ദ്ര മന്ത്രിമാരും കർഷക സംഘടനകളും തമ്മില്‍ അവസാനം നടന്ന ചർച്ച തീരുമാനമില്ലാതെ പിരിഞ്ഞു.

Exit mobile version