മധ്യപ്രദേശിൽ കർഷകരുടെ ക്ഷേമത്തിനായി അനുവദിച്ച ഫണ്ടില്‍ 90% ശതമാനവും ചെലവഴിച്ചത് സർക്കാർ വാഹനങ്ങൾക്കുള്ള ഇന്ധനത്തിനായെന്ന് സിഎജി റിപ്പോർട്ട്. അഞ്ച് വർഷമായി സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി കർഷകഫണ്ട് ചെലവഴിച്ചതായി സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017–18 മുതൽ 2021–22 വരെ മൂന്ന് സംസ്ഥാന സർക്കാരുകളിലായി-നിലവിലെ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള രണ്ട് ബിജെപി ഭരണകൂടങ്ങളും കമൽനാഥിന്റെ നേതൃത്വത്തിലുള്ള 15 മാസത്തെ കോൺഗ്രസ് ഭരണകൂടവും കർഷക ഫണ്ട് ചെലവഴിച്ച് നടത്തിയ ധൂർത്തിന്റെ വിവരങ്ങളാണ് സിഎജി റിപ്പോർട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫെര്‍ട്ടിലൈസര്‍ ഡെവലപ്മെന്റ് ഫണ്ട് (എഫ്ഡിഎഫ്) എന്ന പേരില്‍ വകയിരുത്തിയ 5.31 കോടിയുടെ 90 ശതമാനം, അതായത്, 4.79 കോടിയും ചെലവഴിച്ചത് വാഹനങ്ങൾ, ഡ്രൈവർമാരുടെ ശമ്പളം, സംസ്ഥാന, ജില്ലാ തലങ്ങളിലെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് വേണ്ടിയായിരുന്നു. പ്രകൃതിദുരന്ത സമയത്തെ വളം സബ്‌സിഡികൾ, പരിശീലനം അല്ലെങ്കിൽ കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് വേണ്ടി കർഷകർക്ക് ലഭിച്ച യഥാർത്ഥ ആനുകൂല്യങ്ങൾ വെറും 5.10 ലക്ഷം രൂപയുടേത് മാത്രമായിരുന്നുവെന്നും സിഎജി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സംസ്ഥാന തലത്തിൽ മാത്രം 2.77 കോടി രൂപ ചെലവഴിച്ചുവെന്നും അതിൽ വെറും 20 വാഹനങ്ങൾക്കായി 2.25 കോടി രൂപയും ചെലവഴിച്ചുവെന്നും സിഎജി കണ്ടെത്തി. കർഷകർക്ക് നിർണായക സഹായം നൽകുക, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്തുക, വളം മാനേജ്മെന്റ് മെച്ചപ്പെടുത്തുക എന്നിവയായിരുന്നു ഫണ്ടിന്റെ യഥാർഥ ദൗത്യം. ഡൈഅമോണിയം ഫോസ്ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) വളങ്ങൾക്കുള്ള വിതരണക്കാരുടെ റിബേറ്റ് കർഷകർക്ക് കൈമാറുന്നതിൽ മധ്യപ്രദേശ് സംസ്ഥാന സഹകരണ മാർക്കറ്റിങ് ഫെഡറേഷൻ (മാർക്ക്ഫെഡ്) പരാജയപ്പെട്ടുവെന്നും ഇത് കർഷകർക്ക് 10.50 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവച്ചതായും സിഎജി വെളിപ്പെടുത്തി. 2021–22 ൽ, ഉയർന്ന വിലയ്ക്ക് വളങ്ങൾ വാങ്ങി കർഷകർക്ക് വിലകുറഞ്ഞ രീതിയിൽ വിറ്റതിലൂടെ മാർക്ക്ഫെഡിന് 4.38 കോടി രൂപയുടെ നഷ്ടമുണ്ടായി, ഇത് ഒടുവിൽ പൊതു ഖജനാവിന് കനത്ത തിരിച്ചടിയായെന്നും സിഎജി റിപ്പോർട്ട് പറയുന്നു.

